Related Articles
-
ROBERT
നബിദിനാഘോഷം പ്രമാണങ്ങളില്‍
-
-
ROBERT
അജ്മീരിലെ പനിനീര്‍പൂക്കള്‍
തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്.
ഖാജയുടെ ജീവിതവും ദര്‍ശനവും ചേര്‍ന്ന് ഒരു യാത്രാകുറിപ്പ്
തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന്‍ അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന്‍ ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ വെളിച്ചവും സാന്ത്വനവും തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പല മതത്തിലും പല ഗോത്രത്തിലും പെട്ടവര്‍ അജ്മീറിലേക്കു വരുന്നു. റോസാപ്പൂക്കളും മുല്ലപ്പൂക്കളും അരച്ച ചന്ദനവും ഇവിടെ വരുന്നവര്‍ കയ്യില്‍ കരുതുന്നു. ഏതു കാലത്തും ഇവിടേയ്ക്കു റോസാപ്പൂക്കള്‍ വേണം. തെരുവിലെമ്പാടും റോസാപ്പൂക്കള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. റോസാപ്പൂവിന്റെ മണമാണ് ദര്‍ഗാശരീഫിന്. ദര്‍ഗാശരീഫ് നില്‍ക്കുന്ന തെരുവില്‍ എല്ലായ്പ്പോഴും തീര്‍ത്ഥാടകരുടെ തിരക്കാണ്. ഒരു പേര്‍ഷ്യന്‍ രീതിയുണ്ട് അജ്മീറിലെ ദര്‍ഗക്ക്. മാംസാഹാരം വില്‍ക്കുന്ന ഭക്ഷണശാലയില്‍ കയറുമ്പോഴാണ് അതു കൂടുതല്‍ വ്യക്തമാവുക. മുഗളായ് ഭക്ഷണം സുലഭം. പേര്‍ഷ്യന്‍ ഭക്ഷണവും.
പൌരാണികമായ ഒരു ചരിത്രമുണ്ട് അജ്മീരിന്. 11 മുതല്‍ 14 നൂറ്റാണ്ടുവരെ ചൌഹാന്‍മാര്‍ക്കായിരുന്നു ആധിപത്യം. പക്ഷേ 12-ാം നൂറ്റാണ്ടില്‍ സാകംബരി രാജാവായ ആര്യരാജാവാണ് അജയ്മെരു എന്ന അജ്മീര്‍ പട്ടണം സ്ഥാപിച്ചത്. വടക്കേ ഇന്ത്യയില്‍ ചൌഹാന്‍മാര്‍ പിടിമുറുക്കിയതോടെ അജ്മീര്‍ അവരുടെ അധീനതയിലാവുകയായിരുന്നു. പൃഥ്വിരാജ് മൂന്നാമന്റെ കാലമായപ്പോഴേയ്ക്കും വടക്കേ ഇന്ത്യയില്‍ ചൌഹാന്‍മാര്‍ വലിയ ശക്തിയായി. റായ്പിത്തോറ എന്ന പൃഥ്വിരാജ് ചൌഹാന്‍ നാടോടിക്കഥകളിലും ചരിത്രാഖ്യായികകളിലും സ്ഥാനം നേടി. പില്‍ക്കാലം മുഹമ്മദ്ഗോറിയുടെ ആധിപത്യക്കാലത്തും ചൌഹാന്‍മാര്‍ അജ്മീറില്‍ നാട്ടുരാജ്യമായി തുടര്‍ന്നു. മേവാറിലെ രാജാക്കന്‍മാര്‍ അജ്മീറില്‍ ആധിപത്യം സ്ഥാപിച്ചു. പിന്നീട് 1559ല്‍ അക്ബര്‍ ചക്രവര്‍ത്തി അജ്മീര്‍ പിടിച്ചടക്കി. 1770 വരെ അജ്മീറില്‍ മുഗള്‍ ആധിപത്യമായിരുന്നു. അതിനുശേഷം മറാത്തന്‍മാര്‍ അജ്മീറിന്റെ അധിപരായി. 1818ല്‍ മറാത്തന്‍മാര്‍ അജ്മീര്‍ പ്രവിശ്യയെ ബ്രിട്ടീഷുകാര്‍ക്കു വില്‍ക്കുന്നത് അമ്പതിനായിരം രൂപയ്ക്കാണ്. പുരാതന രജപുത്താനയില്‍ നിന്ന് അജ്മീര്‍ വിടുതി നേടി. പക്ഷേ അജ്മീറിനെ ലോകം ഇന്നറിയുന്നത് മുമുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫിവര്യന്റെ പേരിലാണ്.
ചിശ്തിതങ്ങളുടെ ജീവിതം അഫ്ഗാനിസ്ഥാനില്‍ നിന്നു തുടങ്ങുന്നു. യാത്രാമാര്‍ഗ്ഗങ്ങള്‍ അത്രയ്ക്കു കുറവായ ആ കാലഘട്ടത്തില്‍ ഈ സൂഫിവര്യന്‍ യാത്ര ചെയ്ത ദൂരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും.
പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളും അറേബ്യയിലെ പുണ്യനഗരങ്ങളും താണ്ടിയാണ് ഈ സൂഫിവര്യന്‍ ഥാര്‍ മരുഭൂമിയിലെത്തുന്നത്. ചിശ്തി എന്നതു ദേശപ്പേരാണ്. അഫ്ഗാനിസ്ഥാനിലെ സിസ്സ്താന്‍ പ്രവിശ്യയിലാണിത്. ചിശ്തി തങ്ങളുടെ ജ•ദേശം അവിടെയാണ്. സയ്യിദ് വംശജനാണ്. പ്രവാചകന്റെ പിന്‍മുറക്കാരാണ് സയ്യിദുമാര്‍. പേര്‍ഷ്യയിലാണ് ചിശ്തിതങ്ങള്‍ വളര്‍ന്നത്. അദ്ദേഹത്തിന് അഞ്ചു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരണപ്പെട്ടു. ശരിയായ പേര് മുഈനുദ്ദീന്‍ ഹസ്സന്‍. പിതാവ് ഗിയാസുദ്ദീന്‍ ഹസ്സന്‍. ഖുറാസ്സാനിലെ സൂഫി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പിതാവ്. മാതാവ് ബീബി മാ നൂര്‍. ജിലാനിലെ വിഖ്യാത സൂഫീഗുരു ശെയ്ഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ കുടുംബത്തില്‍പ്പെട്ടവള്‍. പിതാവിന്റെ സ്വത്തായി മുഈനുദ്ദീനു കിട്ടിയത് ഒരു കാറ്റാടിമില്ലും പഴത്തോട്ടവുമാണ്. കുഞ്ഞുന്നാളില്‍ത്തന്നെ അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്വം പ്രകടിപ്പിക്കപ്പെട്ടു. പ്രാര്‍ത്ഥനകളോടും ധ്യാനങ്ങളോടുമായിരുന്നു ആഭിമുഖ്യം. ഒരു നാള്‍ ചെടികള്‍ക്കു നനച്ചുകൊണ്ടിരിക്കുമ്പോള്‍ ഷെയ്ഖ് ഇബ്രാഹീം ഖുന്ധുസി (ഖുണ്ഡുസ് അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യയാണ്) എന്ന സൂഫിവര്യന്‍ പഴത്തോട്ടത്തിലേക്ക് കടന്നുവന്നു. ഖാജ അദ്ദേഹത്തിന് കുറച്ചു പഴങ്ങള്‍ പറിച്ചുകൊടുത്തു. അതു കഴിച്ച് മടങ്ങിപ്പോകും മുമ്പ് ശൈഖ് ഒരു കഷ്ണം റൊട്ടി ക്വാജക്ക് കൊടുത്തു. അതു ഭക്ഷിച്ചതോടെ വിചിത്രമായ സ്വപ്നാനുഭവങ്ങളും ജ്ഞാനാനുഭവങ്ങളും ഉണ്ടായി. പിന്നീട് തന്റെ സ്വത്തുമുഴുവന്‍ വിറ്റ് ആ പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്ത് ഖാജ യാത്ര ചെയ്യാന്‍ തുടങ്ങി.
ബാഗ്ദാദ്, സമര്‍ഖന്ദ്, ബുഖാറ എന്നിവിടങ്ങളിലൂടെയായിരുന്നു മുഈനുദ്ദീന്‍ ചിശ്തിയുടെ ആദ്യകാലയാത്രകള്‍. ബാഗ്ദാദില്‍ വച്ച് സൂഫിഗുരുവായ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ കാണുന്നു. പിന്നീട് മക്കയിലേയ്ക്കും മദീനയിലേയ്ക്കും യാത്ര ചെയ്യുന്നു. അതിനുശേഷമാണ് ഇറാനിലെ ഹാറൂണില്‍ എത്തുന്നത്. അവിടെവച്ച് തന്റെ ഗുരുവായ ഖാജ ഉസ്മാനെ കണ്ടുമുട്ടി. ചിശ്തി എന്ന സൂഫി മാര്‍ഗത്തിന്റെ സ്ഥാപകനായ സിറിയയിലെ ഖാജ അബു ഇസ്ഹാഖിന്റെ പരമ്പരയില്‍പ്പെട്ട ആളായിരുന്നു ഖാജ ഉസ്മാന്‍. മുഈനുദ്ദീന്‍ പിന്നെയും യാത്ര തുടങ്ങി. മറ്റൊരു സൂഫി വിഭാഗമായ സുഹ്റവര്‍ദി മാര്‍ഗത്തിലെ ഒരു ഗുരുവായ ശൈഖ് അബുനജീബ് സുഹ്റവര്‍ദിയെ കണ്ടുമുട്ടുന്നു. മഹാഗുരുവര്യന്‍മാരെ പിന്നെയും വണങ്ങിപ്പോകുന്നുണ്ട് മുഈനുദ്ദീന്‍, തബ്രിസിലെ അബുസൈദിനെ, അസ്ത്രാബാദിലെ നസീറുദ്ദീനെ, ഹസ്സന്‍ഖിരാനിയെ. 44-ാം വയസ്സിലാണ് ഉസ്മാന്‍ ഹാറൂണ്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി മുഈനുദ്ദീനെ പ്രഖ്യാപിക്കുന്നത്. അതോടെ ചിശ്തിയായി. ജപമാലയും ഊന്നുവടിയും പ്രിയ ശിഷ്യനു കൈമാറി. വിദൂരതയിലേയ്ക്കുയാത്ര ചെയ്യാന്‍ കല്പിച്ചു. തന്റെ നിയോഗം ഏറ്റെടുത്ത് ആദ്യം അജ്മീറിലെത്തുന്നത് 1191ലാണ്. തുടര്‍ന്ന് ബാല്‍ക്കിലേയ്ക്കും ബാഗ്ദാദിലേയ്ക്കും യാത്ര ചെയ്തു. അതിനുശേഷം
മുള്‍ട്ടാനിലൂടെ, ദല്‍ഹിയിലൂടെ വീണ്ടും അജ്മീറില്‍, ഖുറാസാനില്‍നിന്നു വന്ന സൂഫിഗുരു ഖുതുബ്ഷായെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്നുണ്ട്. ഖുതുബ്ഷാ അവസാനകാലത്ത് ചിശ്തിതങ്ങള്‍ക്കൊപ്പം അജ്മീരില്‍ ഉണ്ടായിരുന്നു. തന്റെ ഗുരുവില്‍ നിന്നു കിട്ടിയതൊക്കെ ഖുതുബ് ഷായ്ക്കു കൈമാറി ഡല്‍ഹിയിലേയ്ക്കു പോകാന്‍ ചിശ്തിതങ്ങള്‍ കല്പിച്ചു. അവസാനത്തെ രാവില്‍ ചിശ്തിതങ്ങളുടെ അടച്ചിട്ട മുറിയില്‍ നിന്നു സാരംഗിയുടെ നേര്‍ത്ത സംഗീതം കേട്ടിരുന്നു. സൂഫിമാര്‍ഗ്ഗത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. സൂഫിയാനി സംഗീതം ദൈവത്തോടുള്ള ഒടുങ്ങാത്ത പ്രാര്‍ത്ഥനകളാണ്. ഒരു സൂഫിക്ക് രാജ്യാതിര്‍ത്തികളോ ദേശവ്യത്യാസമോ ഇല്ല. ഒരേ പ്രപഞ്ചം. ഒരേ പ്രപഞ്ചനാഥന്‍. കാറ്റും വെളിച്ചവും കാണിക്കുന്ന വഴികളിലൂടെ സൂഫി യാത്ര ചെയ്യും. ഇസ്ലാമിന്റെ ധ്യാനപാരമ്പര്യത്തെ വിദൂരദേശങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സൂഫിയുടെ നിയോഗം. അധികാരങ്ങളെ അനുസരിക്കേണ്ടതില്ല. അനുസരിക്കേണ്ടത് അല്ലാഹുവിനെ മാത്രം.
ഉദാരത നദിപോലെയാവണം, സ്നേഹം സൂര്യപ്രകാശം പോലെയാവണം. ഭൂമിപോലെ ആതിഥ്യ മര്യാദയുണ്ടാവണം. ഇതാണ് ചിശ്തിയന്‍ സമീപനം. അശരണരോടും വിശക്കുന്നവരോടുമൊപ്പമാണ് സൂഫികള്‍ നിലകൊള്ളേണ്ടതെന്നു ചിശ്തിതങ്ങള്‍ വിശ്വസിച്ചു. ഭൌതികമായ സമ്പത്തിന് വില കല്‍പ്പിക്കേണ്ടതില്ല. രാജാക്ക•ാരെ വണങ്ങേണ്ടതുമില്ല.
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് അജ്മീര്‍ മഹാതീര്‍ത്ഥാടന കേന്ദ്രമാവുന്നത്. ചിശ്തിതങ്ങളുടെ മരണശേഷം ഹമീദുദ്ദീന്‍ ഗോറിയെപ്പോലുള്ള സൂഫിവര്യന്‍മാരാണ് ചിശ്തിപാരമ്പര്യത്തെ ഇന്ത്യയില്‍ മുന്നോട്ടുകൊണ്ടുപോയത്. ചിശ്തിയന്‍ ധ്യാനപാരമ്പര്യത്തിന് അളവറ്റ ഉദാരതയുണ്ട്. സഹനത്തോടൊപ്പം ആദരിക്കാനും അത് പഠിപ്പിക്കുന്നു. ആഹാരവും സമ്പത്തും പങ്കിടാന്‍ പഠിപ്പിക്കുന്നു.
റജബ് ഒന്നിനു അജ്മീര്‍ ഉറൂസിന്റെ ഭാഗമായി പനിനീര്‍ക്കൊണ്ട് ഖബര്‍സ്ഥാന്‍ കഴുകും. ഖുശാല്‍ എന്നാണിതിനു പറയുക. ‘ജന്നത്ത്ദര്‍വാസ’ പ്രവേശനം എന്നത് ഇവിടേയ്ക്കു വരുന്ന തീര്‍ത്ഥാടകര്‍ അനുഷ്ഠിക്കുന്ന ചടങ്ങാണ്. ഈ കവാടം ഏഴുതവണ കടന്നാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് അനുഗ്രഹിക്കപ്പെടുമത്രെ. ചിശ്തിതങ്ങളെ ഗരീബ്നവാസ് (പാവങ്ങളുടെ രക്ഷകന്‍) എന്നാണ് വിശേഷിപ്പിക്കുക. ആറുദിവസം നീണ്ടുനില്‍ക്കുന്നതാണ് ഉറൂസ്. ഖവാലിയും കാവ്യോത്സവവും ഉറൂസിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉറൂസും ഇതാണ്. മുസല്‍മാനുവേണ്ടിയല്ല മറിച്ച് മാനവരാശിയ്ക്കുവേണ്ടിയുള്ളതാണ് അജ്മീറിലെ പ്രാര്‍ത്ഥനകള്‍. അമുസ്ലീങ്ങളും ധാരാളമായി ഉറൂസിനെത്തും. ഉസ്മാനിയചില്ല എന്നൊരു സ്ഥലമുണ്ടിവിടെ. ചിശ്തിതങ്ങള്‍ ഏകാകിയായി നാല്‍പതുദിവസം ധ്യാനിച്ചത് ഇവിടെയിരുന്നാണ്. അവിടെയിരുന്നാല്‍ അജ്മീര്‍ തടാകം കാണാം. ദൈവത്തിന്റെ വരദാനം പോലെ ഇന്ദ്രനീലക്കാഴ്ച.
സൂഫിസ്വാധീനം അജ്മീറിലെ ജീവിതത്തിലുണ്ട്. ഒരിക്കലും സംഘര്‍ഷത്തിലേക്കു നീങ്ങാതെ സാമുദായികപാരമ്പര്യത്തെ നിലനിര്‍ത്താന്‍ സൂഫികള്‍ ശ്രദ്ധ ചെലുത്തിയതിന്റെ ഭാഗം കൂടിയാണ് ഇന്നത്തെ അജ്മീര്‍. ദര്‍ഗശരീഫിനകത്തേയ്ക്ക് റോസാപ്പൂക്കളുമായി കടന്നു ചെന്നാല്‍ നിങ്ങള്‍ ഏതു മതക്കാരനാണെന്ന് ആരും ചോദിക്കില്ല. ഒട്ടകത്തോലുകൊണ്ടുണ്ടാക്കിയ കൂടകളില്‍ ഏതോ വിശുദ്ധതീര്‍ത്ഥം നിറച്ച് തീര്‍ത്ഥാടകര്‍ക്കു വില്‍ക്കുന്നവരെ ദര്‍ഗയുടെ പുറത്തു കണ്ടുമുട്ടാം. വര്‍ഷങ്ങളായി ദര്‍ഗയെ ആശ്രയിച്ചു കഴിയുന്ന മലയാളികളുമുണ്ട്. ഇസ്ലാമിലെ ധ്യാനപാരമ്പര്യം സമ്മാനിച്ച വിശ്രാന്തിയുണ്ട് ഈ മരുഭൂമി പട്ടണത്തിന്. (കടപ്പാട് : രിസാല)
Created at 2024-02-26 02:05:53