Related Articles
-
-
-
Books
ഇന്ഷൂറന്സിന്റെ തത്വം
അലക്സാണ്ടര്‍ ഫ്ളെമിംഗ് ‘വൃത്തിയും വെടിപ്പുമില്ലാത്ത’ ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണ ശാലയില്‍ രാസപദാര്‍ഥങ്ങളും ഉപകരണങ്ങളും അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടന്നു. ഒന്നും കഴുകിവെക്കുന്ന സ്വഭാവമില്ല. പൂപ്പല്‍ പിടിച്ച് മുറിയാകെ മനം മടുപ്പിക്കുന്ന മണം. ഫ്ളെമിംഗിന്റെ വൃത്തിയില്ലായ്മ മുറിയില്‍ ബാക്ടീരിയകളെ വളര്‍ത്താനാണ്. ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കെല്‍പ്പുള്ള ആന്റിബയോട്ടിക് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങളിലായിരുന്നു അദ്ദേഹം. 1914 ല്‍ ലോക മഹായുദ്ധത്തില്‍ പട്ടാളക്കാരെ ചികിത്സിച്ചതു മുതല്‍ തുടങ്ങിയതാണ് ബാക്ടീരിയകളോടുള്ള ഈ ശത്രുത. അവിടെ പരിക്ക് പറ്റിയെത്തുന്ന പട്ടാളക്കാരില്‍ നിരവധി പേര്‍ അണുബാധയേറ്റ് മരിച്ചു. പലരുടേയും മുറിവ് പറ്റിയ കൈകാലുകള്‍ അഴുകിപ്പോകുന്നത് ഫ്ളെമിംഗ് നേര്‍ക്കുനേര്‍ കണ്ടു. ബാക്ടീരിയകളോട് പട പൊരുതാന്‍ വിചിത്രമായ വഴികളിലൂടെയാണ് ഫ്ളെമിംഗ് സഞ്ചരിച്ചത്.
ഒരിക്കല്‍ കടുത്ത ജലദോഷം വന്ന് മൂക്കൊലിപ്പുമായി ലാബിലെത്തിയ ഫ്ളെമിംഗിന്റെ മൂക്കില്‍ നിന്ന് ഒരു തുള്ളി മൂക്കള ബാക്ടീരിയകള്‍ നിറഞ്ഞ കള്‍ച്ചര്‍ പ്ളേറ്റില്‍ വീണു. ഒരു കൗതുകത്തിന് ഇതെടുത്ത് പരിശോധിച്ചു നോക്കി. മൂക്കള വീണിടത്ത് ബാക്ടീരിയകള്‍ ചത്തിരിക്കുന്നു. ഒരു തുള്ളി കണ്ണുനീരുപയോഗിച്ചു ഫ്ളെമിംഗ് ഈ പരീക്ഷണം ആവര്‍ത്തിച്ചു. കണ്ണുനീരിനും ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലായി. കണ്ണുനീരിലെ അണുനാശകാരിയെ അദ്ദേഹം ‘ലൈസോസോം‘ എന്ന് വിളിച്ചു. അലിയിച്ചു കളയുന്ന എന്ന അര്‍ഥമാണ് ‘ലൈസ്ഡ്’ എന്ന വാക്കിനുള്ളത്. പക്ഷേ, ശരീരത്തിലെ അണുനാശകാരികള്‍ക്ക് രോഗാണുക്കളോട് യുദ്ധം ചെയ്യാനുള്ള കഴിവ് തുലോം കുറവാണെന്ന് ബോധ്യപ്പെട്ടു. ഇതുപോലുള്ള മറ്റു വസ്തുക്കള്‍ കാണില്ലേ? ബാക്ടീരിയകളെ നിശ്ശേഷം കൊന്നൊടുക്കി രോഗ മുക്തി തരുന്ന ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തണം.
ലബോറട്ടറിയില്‍ നിന്നും അദ്ദേഹം ഗവേഷണം തുടര്‍ന്നു. ലാബ് കൂടുതല്‍ വൃത്തികേടായിക്കൊണ്ടിരുന്നു. കള്‍ച്ചര്‍ പ്ളേറ്റുകളില്‍ സ്റ്റെഫിലോകോക്കസ് ബാക്ടീരിയകളെ വളര്‍ത്തിയെടുത്തു. പൊടിയും പൂപ്പലും നിറഞ്ഞ ലാബില്‍ കഴിഞ്ഞ് ഫ്ളെമിംഗ് രോഗിയായി. നിര്‍ത്താത്ത തുമ്മല്‍, ജലദോഷം, നെഞ്ചിനകത്ത് വിങ്ങല്‍, കടുത്ത പനി… ഒടുവില്‍ ഫ്ളെ മിംഗ് രണ്ടാഴ്ച അവധിയെടുക്കാന്‍ തീരുമാനിച്ചു. അവധിയെടുത്ത് വീട്ടിലിരിക്കുമ്പോഴും ഫ്ളെമിംഗിന്റെ മനസ്സില്‍ സ്റ്റെഫിലോകോക്കസ് ബാക്ടീരിയകള്‍ താണ്ഢവ നൃത്തമാടി. അവ കൊലവിളി നടത്തുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.
രണ്ടാഴ്ച കഴിഞ്ഞ് ലാബിലെത്തിയ ഫ്ളെമിംഗ് അത്ഭുതകരമായ ആ കാഴ്ച കണ്ടു. സ്റ്റെ ഫിലോകോക്കസ് ബാക്ടീരിയകള്‍ സമൃദ്ധമായി വളര്‍ന്നിരിക്കുന്നു. കള്‍ച്ചര്‍ പ്ളേറ്റുകളിലൊന്നിന് നടുവില്‍ വൃത്താകൃതിയില്‍ ഒരു പച്ച നിറം. വെള്ളത്തില്‍ മണ്ണെണ്ണത്തുള്ളി വീണാല്‍ പല നിറമുള്ള വലയങ്ങളുണ്ടാകാറില്ലേ? അതുപോലെ. ഫ്ളെമിംഗ് കള്‍ച്ചര്‍ പ്ളേറ്റെടുത്ത് സൂക്ഷ്മമായി പരിശോധിച്ചു. ഇളം പച്ച നിറം വ്യാപിച്ചിടത്ത് ഒറ്റ ബാക്ടീരിയ പോലുമില്ല. പച്ച നിറമുണ്ടാക്കിയ പൂപ്പല്‍ ചുരണ്ടിയെടുത്ത് ദിവസങ്ങളോളം പരീക്ഷണം തുടര്‍ന്നു. ഒടുവില്‍ ആര്‍ക്കമീഡിസിനെ അനുകരിച്ചുകൊണ്ട് ഫ് ളെമിംഗ് ആര്‍ത്തു വിളിച്ചു. ‘യുറീക്കാ……’ എല്ലാ മുറിവുകളും ഉണക്കുന്ന, രോഗങ്ങളോട് പട പൊരുതുന്ന ബാക്ടീരിയകളുടെ അന്തക യോദ്ധാവിനെ കണ്ടെത്തിയിരിക്കുന്നു - പെനിസിലിന്‍ - ആ സിദ്ധൌഷധത്തെ ഫ്ളെമിംഗ് അങ്ങനെയാണ് വിളിച്ചത്.
ഫ്ളെമിംഗ് ശാന്തമായി ആലോചിച്ചു. എവിടെ നിന്നാണ് പെനിസിലിയം രേണുക്കള്‍ കള്‍ച്ചര്‍ പ്ളേറ്റില്‍ പതിച്ചത്. മുറിയാകെ പരതിയപ്പോള്‍ അദ്ദേഹം കണ്ടു. ഒരു ഭാഗത്തെ ജനാല തുറന്നു വെച്ചിരിക്കുന്നു. പനി പിടിച്ച് പോകുമ്പോള്‍ അടയ്ക്കാന്‍ മറന്നതാണ്. ജനലില്‍ കൂടി രേണുക്കള്‍ പറന്നു വന്ന് കൃത്യം പ്ളേറ്റില്‍ പതിച്ചു. അതില്‍ വളര്‍ന്നു. ബാക്ടീരിയകളുമായി പ്രതിപ്രവര്‍ത്തിച്ച് അവയെ കൊന്നൊടുക്കി.
ഫ്ളെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചെങ്കിലും യൂനിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഡോ. ഫ്ളോറിയും ഡോ. ചെയിനുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ അദ്ദേഹത്തെ സഹായിച്ചത്. 1941 ഫെബ്രുവരിയില്‍ പെനിസിലിന്‍ ആദ്യമായി മനുഷ്യ ശരീരത്തില്‍ കുത്തിവെച്ചു. 1945 ല്‍ ഫ്ളെമിംഗ്, ഫ്ളോറി, ചെയിന്‍ എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
Created at 2024-02-29 04:35:02