Related Articles
-
-
-
ROBERT
നബിദിനാഘോഷം പ്രമാണങ്ങളില്
പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള് അവന്റെ ജീവന് സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു. ഇവ്വിഷയകമായി, മനുഷ്യജീവിതത്തിന്റെ നിഖില പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുള്ള ഇസ്ലാമിന്റെ പ്രതികരണം എന്ത്?
രക്തം ഇസ്ലാമിക വീക്ഷണത്തില് നജസാണ്. നജസ്, സാധാരണഗതിയില് കഴിക്കാനോ ദേഹത്തില് ഉപയോഗിക്കാനോ അതു കൊണ്ടു ചികിത്സിക്കാനോ പാടില്ല. രക്തത്തിന്റെ ഉപയോഗം നിഷിദ്ധമാണെന്നു വിശുദ്ധ ഖുര്ആന് അല് ബഖറഃ 173-ലും അല് മാഇദഃ 3-ലും അല് അന്ആം 145-ലും അന്നഹ്ല് 115-ലും പറഞ്ഞിട്ടുണ്ട്. പക്ഷേ, നിര്ബന്ധിത സാഹചര്യത്തില് രക്തം മുതലായ നജസിന്റെ ഉപയോഗം അനുവദനീയമാണെന്നു പ്രസ്തുത സ്ഥലങ്ങളില് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അല് ബഖറഃ 173-ാം വാക്യം കാണുക:-
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരു പറഞ്ഞ് അറുക്കപ്പെട്ട ജീവി എന്നിവ അല്ലാഹു നിങ്ങള്ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. എന്നാല് ഒരാള് അക്രമിയോ അതിരു വിടുന്നവനോ അല്ലാതിരിക്കെ, നിര്ബന്ധിതാവസ്ഥയിലകപ്പെട്ടാല് അ വനു കുറ്റമില്ല. അല്ലാഹു അത്യധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.
അപ്പോള് നിര്ബന്ധിത സാഹചര്യത്തില് മറ്റു ഹറാമുകളെപ്പോലെതന്നെ രക്തവും ഉപയോഗിക്കാമെന്നു സ്പഷ്ടമായി. എന്നാല് പിന്നെ എന്താണീ നിര്ബന്ധാവസ്ഥ? മറുപടി ആധികാരിക ശാഫിഈ കര്മ്മശാസ്ത്രഗ്രന്ഥമായ തുഹ്ഫഃയ്ക്കു വിടാം. ‘ശക്തമായ വിശപ്പ് അല്ലെങ്കില് ദാഹം. ഹറാമായ ആഹാരമോ പാനീയമോ ഉണ്ട്. ‘ഹലാല്’ കിട്ടാനില്ല. അല്ലെങ്കില് വ്യഭിചാരം തുടങ്ങിയ വല്ലകുറ്റകൃത്യത്തിനും വഴങ്ങിക്കൊടുത്തെങ്കിലേ ‘ഹലാല്’ ലഭിക്കൂ. ലഭ്യമായ ‘ഹറാം’ കഴിക്കുന്നില്ലെങ്കില് മരിക്കുകയോ മറ്റു വല്ലവിഷമവും നേരിടുകയോ ചെയ്യും. ഇതാണു നിര്ബന്ധിതാവസ്ഥ. ഈ സാഹചര്യത്തില്, ഹറാമായ ആഹാര പാനീയങ്ങളുടെ ഉപയോഗം അനുവദനീയമാണെന്നു മാത്രമല്ല; അതു നിര്ബന്ധവും കൂടിയാണ്’. ഇതാണു ‘തുഹ്ഫഃ 9:390′-ല് നിര്ബന്ധാവസ്ഥക്കു നല്കിയ വിവരണത്തിന്റെ രത്നച്ചുരുക്കം.
അനുവദനീയ രക്ത ചികിത്സ
നിര്ബന്ധിതാവസ്ഥയില് ഹറാമുപയോഗിക്കുന്നതിനുള്ള അനുവാദം ആഹാരപാനീയങ്ങളില് മാത്രമല്ല, അതു ചികിത്സ തുടങ്ങിയ മറ്റു കാര്യങ്ങള്ക്കും ബാധകമാണ്. നിര്ബന്ധിത സാഹചര്യക്കാരനെ സംബന്ധിക്കുന്ന എല്ലാവിധികളും അവയിലും വരുമെന്നു തുഹ്ഫഃ (9:390) വ്യക്തമാക്കിയിട്ടുണ്ട്.
മദ്യമല്ലാത്ത ഏതു നജസുകൊണ്ടും ചികിത്സിക്കാവുന്നതാണ്. മദ്യം തനിച്ചുപയോഗിക്കാന് പാടില്ല. മദ്യം ചേര്ത്ത മരുന്നുപയോഗിക്കാവുന്നതാണ്. (തുഹ്ഫ: 9: 170, ഫതാവല് കുബ്റാ 1:28) ആത്മ രക്ഷാര്ഥം ഇവ (രക്തം തുടങ്ങിയവ) ഉപയോഗിക്കാവുന്നതു പോലെ ആത്മരക്ഷാര്ഥം ഇവ ചികിത്സയ്ക്കും ഉപയോഗിക്കാവുന്നതാണ്. (റാസി: 2:88)
പക്ഷേ, കേവലം ക്ഷീണപരിഹാരത്തിനോ ആരോഗ്യവര്ദ്ധനവിനോ രക്ത ചികിത്സ നടത്താവതല്ല. മറ്റുമാര്ഗങ്ങള് ഫലപ്രദമാകാതെ വരുമ്പോള്, അപകടനില തരണം ചെയ്യുന്നതിനു വേണ്ടി മാത്രമേ, രക്തം കൊണ്ടു ചികിത്സിക്കാന് പറ്റൂ. “നജസായ മരുന്ന് പ്രയോജനകരമാണെന്നും അതു മാത്രമേ ഫലപ്രദമാവുകയുള്ളൂവെന്നും ത്വാഹിറായ മറ്റൊരു മരുന്നും പ്രശ്നം പരിഹരിക്കയില്ലെന്നും വൈദ്യശാസ്ത്രവീക്ഷണത്തില് സ്വയം മനസ്സിലാവുകയോ അല്ലെങ്കില് വിശ്വസ്തനായ ഒരു വൈദ്യന് പറയുകയോ ചെയ്താല് മാത്രമേ ആ നജസുകൊണ്ടു ചികിത്സിക്കല് അനുവദനീയമാവുകയുള്ളൂ”(തുഹ്ഫഃ 9:170).
രക്ത ചികിത്സയുടെ ഉപാധികള്
അനിവാര്യഘട്ടത്തില് രക്തം കുത്തിവച്ചു ചികിത്സിക്കാമെന്നും അതു ചില പ്രത്യേക സാഹചര്യങ്ങളില് നിര്ബന്ധം കൂടിയാണെന്നും ഉപര്യുക്ത ഉദ്ധരണികളില് നിന്നു മനസ്സിലാക്കാം. പക്ഷേ, ഇവിടെ രണ്ട് ഉപാധികളുണ്ട്. ഒന്ന്, രക്തം കുത്തിവെയ്ക്കുന്നതു കൊണ്ടു രോഗിക്കു വല്ല രക്ഷയും കിട്ടുമെന്ന പ്രതീക്ഷ വേണം. രക്തം കൊടുത്താലും രക്ഷപ്പെടാത്ത വിധം രോഗി അത്യാസന്ന നിലയിലാണെങ്കില് അയാള്ക്കു രക്തം കു ത്തിവയ്ക്കാവതല്ല. “മരണാസന്നനായ വ്യക്തിക്ക് അതിന്റെ ഉപയോഗം അനുവദനീയമല്ല; കാരണം അത് അവനു പ്രയോജനം ചെയ്യില്ല”(തുഹ്ഫ 9:391).
രക്തം കുത്തി വയ്ക്കുന്നതുകൊണ്ടു രോഗിക്കു ദോഷം സംഭവിക്കുകയില്ലെന്ന് ഉറപ്പു വരുത്തണം. അതാണു രണ്ടാമത്തെ ഉപാധി. മദ്യപാനികള്, സാംക്രമിക രോഗികള്, ഗ്രൂപ്പ് ഒക്കാത്തവര് എന്നിവരുടെ രക്തം രോഗിക്കു ദോഷം വരുത്തുമെന്നതു കൊണ്ട് അതു കുത്തി വയ്ക്കാവതല്ല. ജീവനോ ആരോഗ്യത്തിനോ ബുദ്ധിക്കോ ഹാനികരമായ ഒരു വസ്തുവും ഉപയോഗിക്കാന് പാടില്ലെന്നാണ് ഇസ്ലാമിക വിധി.
‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങള് നാശത്തിലേക്കെറിയരുത്’ എന്ന ഖുര്ആന് വാക്യ (2:195) മാണ് ഈ വിധിക്കാധാരം. അല്ലാമ: ഖത്വീബുശ്ശര്ബീനി പറയുന്നതു കാണുക. “ശരീരത്തിനോ ബുദ്ധിക്കോ തകരാറുവരുത്തുന്ന വസ്തുക്കളുടെ ഉപയോഗം ഹറാമാണ്”(മുഗ്നി 4:306).
Created at 2024-02-29 05:02:53