![Expand the economy to accommodate its growing population](https://muslimpath.com//assets/media/articles/article_1708931008.jpg)
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്.
അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്.
ഖുര്‍ആന്‍ താവാതുര്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. (അസത്യത്തില്‍ ഒത്തുവരാന്‍ സാധ്യതയില്ലാത്തത്ര ആളുകള്‍ തലമുറയായി കൈമാറി വരുന്നതിനാണ് താവാതുര്‍ എന്ന് പറയുന്നത്).
ഖുര്‍ആന്‍ മുഅജിസത്ത് (അമാനുഷികം) ആകുന്നു. അതിന് തുല്യമായി മറ്റൊന്ന് കൊണ്ടുവരാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ലെന്ന വെല്ലുവിളിയില്‍ അത് വിജയിച്ചതു കൊണ്ടാണ് അതിന് മുഅജിസത്ത് എന്നു പറയുന്നത്.
ഖുര്‍ആന്‍ അല്ലാഹുവിന്റെ കിതാബുകളില്‍ അവസാനത്തേതും അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതുമാണ്.
ഖുര്‍ആനിന്റെ അവതരണത്തോടെ പൂര്‍വ്വ വേദങ്ങളെല്ലാം നസ്ഖ് (ദുര്‍ബലം) ചെയ്യപ്പെട്ടു. അവയിലെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമാണെങ്കിലും അവയിലെ വിധി വിലക്കുകള്‍ നമുക്ക് ബാധകമല്ല.
പൂര്‍വ്വ വേദങ്ങളില്‍ സംഭവിച്ചതു പോലുള്ള മാറ്റത്തിരുത്തലുകളോ കൈകടത്തലുകളോ ഖുര്‍ആനില്‍ സംഭവിക്കുകയില്ല. കാരണം “നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്, നാം അതിനെ കാത്തു സംരക്ഷിക്കുകയും ചെയ്യും” എന്ന വാക്യത്തിലൂടെ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. ഇന്ന് നിലവിലുള്ള പൂര്‍വ്വ വേദങ്ങള്‍ മനുഷ്യര്‍ കൈകടത്തി അലങ്കോലപ്പെടുത്തിയതുകൊണ്ട് അത് എഴുതാനോ വായിക്കാനോ പാടുള്ളതല്ല. എന്നാല്‍ വിദഗ്ദ്ധരായ പണ്ഢിതന്മാര്‍ക്ക് വിമര്‍ശനത്തിനും ഖണ്ഢനത്തിനും മാത്രം അവ വായിക്കാവുന്നതാണ്.
Created at 2024-02-13 23:28:40