രോഗ സന്ദര്‍ശനം

സുഹൃത്തിന് രോഗം കലശലാണെന്ന വിവരം കിട്ടിയപ്പോള്‍ മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് അങ്ങോട്ടു പുറപ്പെട്ടു. ബസ്സിറങ്ങുമ്പോള്‍ രോഗം കണ്ടുവരുന്ന ചില പരിചയക്കാരുടെ മുഖത്തു നിരാശ.

‘രക്ഷപ്പെടുന്ന കാര്യം പ്രയാസമാണ്.’ ഒരാള്‍ അടുത്തു വന്ന് അടക്കം പറഞ്ഞു. ‘നല്ല ബോധമില്ല, വല്ലപ്പോഴും കണ്ണുതുറക്കും. വായില്‍ വെള്ളം ഉറ്റിച്ചുകൊടുത്താല്‍ ഇറക്കിയെങ്കിലായി.’ മറ്റൊരാള്‍ രോഗനില വ്യക്തമാക്കി. ഇതുകൂടെ കേട്ടപ്പോള്‍ മനസ്സില്‍ എവിടെയെല്ലാമോ വേദന ഉറപൊട്ടി. കണ്ണില്‍ നനവ് പരന്നു.

മനുഷ്യന്‍ എത്ര നിസ്സാരന്‍! ഒരാഴ്ച മുമ്പുവരെ എത്ര ഊര്‍ജ്ജസ്വലനായി ഓടിനടന്ന ചെറുപ്പക്കാരനായിരുന്നു.

സുഹൃത്തിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. വീട്ടുമുറ്റത്തെത്തിയപ്പോള്‍ സംശയം þ- ഇതുതന്നെയല്ലേ വീട്? നേരത്തെ വന്നില്ലെങ്കിലും പറഞ്ഞുകേട്ട അറിവുവെച്ചു തെറ്റാനിടയില്ല. പക്ഷേ, ഇവി ടെ ഒരു കല്യാണവീട് പോലിരിക്കുന്നല്ലോ þ- വീട് മാറിയോ?

മുറ്റത്തു രണ്ടുമൂന്നു ചെറുപ്പക്കാര്‍ കുന്തക്കാലില്‍ ഇരുന്നു എന്തോ ന്യായം പറയുന്നു. വരാന്തയില്‍ കുറെ ആളുകള്‍. പ്രായം ചെന്നവരും മദ്ധ്യവയസ്കരും. എല്ലാവരും ചേര്‍ന്നു ഉറക്കെ എ ന്തൊക്കെയോ പറഞ്ഞു തര്‍ക്കിക്കുന്നു. ഒരു ഭാഗത്തു നാലാളിരുന്നു തമാശ പറഞ്ഞു ചിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ വാഗ്വാദമാണ് മറ്റൊരിടത്ത്.

വീട് തെറ്റിയതു തന്നെ. തിരിച്ചുപോരാന്‍ ഒരു വല്ലായ്മ. ഒടുവില്‍ വരാന്തയില്‍ കയറിച്ചെന്നു സലാം പറഞ്ഞു. കാര്യമായ പ്രതികരണമൊന്നും കണ്ടില്ല. തൂണുംചാരി നിന്ന ഒരു ചെറുപ്പക്കാരനോട് സംശയം തീര്‍ത്തു.

“അഷ്റഫിന്റെ വീടല്ലേ?”

ചെറുപ്പക്കാരന്‍ തലയാട്ടി.

“അതേയതേ…., കാണാന്‍ വന്നതാണോ?”

അയാള്‍ എന്നെ അകത്തേക്കു നയിച്ചു.

“ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നു കൊണ്ടുവന്നത്…..”

ഒരു സ്വകാര്യം പോലെ അയാള്‍ കൂട്ടിച്ചേര്‍ത്തു. “ഒരു രക്ഷയുമില്ലെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. കഷ്ടായിപ്പോയി….”

വിശാലമായ അകത്തളത്തിന്റെ പടിഞ്ഞാറെ അറ്റത്താണു രോഗിയെ കിടത്തിയിരിക്കുന്നത്. അ കത്ത് ഇരുവശത്തുമായി നിരത്തിയിരിക്കുന്ന ബഞ്ചിലും കസേരകളിലുമായി കുറെ സ്ത്രീകള്‍ നിരന്നിരുന്നു വെടിപറയുന്നു. ഏതോ വീട്ടില്‍ പെണ്‍കെട്ടു നടക്കുന്ന കാര്യവും അവിടെ നിശ്ചയിച്ച പണ്ടം, പണം സംബന്ധിച്ച കാര്യങ്ങളുമാണ് പെണ്ണുങ്ങളുടെ വിഷയം. അതിനിടക്ക് കൈ ക്കുഞ്ഞുങ്ങളുടെ കരച്ചില്‍, മൂത്തതിന്റെ ചിണുക്കം. ആകെക്കൂടി പഞ്ചായത്ത് ബസ്സ്റ്റാന്റിന്റെ പ്രതീതി.

ഒരുവിധം നൂണ്ടുവലിഞ്ഞു രോഗിയുടെ കട്ടിലിനടുത്തെത്തിയപ്പോള്‍ അടക്കിപ്പിടിച്ചിരുന്ന ദുഃഖം അണപൊട്ടിപ്പോയി. കണ്ണുമടച്ചു ചലനമറ്റു കിടക്കുന്ന എന്റെ സുഹൃത്ത്. ജീവന്റെ തെളിവായി നെഞ്ചില്‍ തുടിപ്പു മാത്രം. കട്ടിലിന്റെ തലയ്ക്കല്‍ കുനിഞ്ഞിരുന്നു കണ്ണുനീര്‍ വാര്‍ക്കുന്ന എട്ടുമാസം മാത്രമായ പുതുപ്പെണ്ണ്. തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ നിന്ന് ‘മോനേ’ എന്ന നേര്‍ത്തൊരു സ്വരം ആവര്‍ത്തിച്ചു കേള്‍ക്കുന്നു þ- ഉമ്മയാണ്. കട്ടിലിന്റെ ഒരു ഭാഗത്ത് സ്റ്റൂളില്‍ എല്ലാം തകര്‍ന്ന മട്ടില്‍ ഇരിക്കുന്ന അഷ്റഫിന്റെ ബാപ്പ. അങ്ങിങ്ങ് മുഖം തിരിച്ചിരിക്കുന്ന സഹോദരങ്ങള്‍.

പുറത്തു കടന്നപ്പോള്‍ സഹിക്കാനാകാത്ത ദേഷ്യമാണു വന്നത്. എന്തൊരു വകതിരിവില്ലായ്മയാണ് നമ്മുടെ ആളുകള്‍ കാണിക്കുന്നത്. സ്ഥലകാലബോധമില്ലായ്മ എന്നു പറയാറുണ്ട്. മരണാസന്നനായ രോഗി, കണ്ണീര്‍ വാര്‍ക്കുന്ന കുടുംബങ്ങള്‍. അവര്‍ക്കിടയില്‍ ചെന്നിരുന്ന് ഒരു മര്യാദയുമില്ലാതെ വെടിപറഞ്ഞു ബഹളമുണ്ടാക്കുക!

രോഗിയെ സന്ദര്‍ശിക്കല്‍ നബിചര്യയാണ്. മഹത്തായ ഇബാദത്താണ്. അതിനു ചില ചിട്ടയും മര്യാദയുമൊക്കെയുണ്ട്. രോഗിക്ക് ആശ്വാസമുണ്ടാക്കാനും കുടുംബങ്ങളെ ആശ്വസിപ്പിക്കാനുമല്ലേ രോഗിയുടെ വീട്ടിലെത്തുന്നത്? എന്നിട്ട് ചെയ്യുന്നതോ, കടുത്ത അപരാധം.

ചെങ്കണ്ണു രോഗമായാലും

ഒരു മുസ്ലിം തന്റെ സഹോദരന്റെ രോഗം സന്ദര്‍ശിക്കുന്നതിനു പുറപ്പെട്ടാല്‍ അവിടെനിന്നു തിരിച്ചു വരുന്നതുവരെ അവന്‍ സ്വര്‍ഗത്തിലെ കായ്കനികള്‍ക്കിടയിലാണെന്നു നബി(സ്വ) പറഞ്ഞതായി ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. സ്വുബ്ഹ് നിസ്കാരം കഴിഞ്ഞാല്‍, അവിടുന്ന് സ്വ ഹാബാക്കളോട് ആരായും; ‘ആരെങ്കിലും രോഗിയായി കിടക്കുന്നുണ്ടോ?’ ഉണ്ടെങ്കില്‍ അങ്ങോട്ടു പോകും. ഇതു പതിവായിരുന്നു. ജുമുഅഃ നിസ്കാരം ഉപേക്ഷിക്കാവുന്ന ചില കാരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ കാരണങ്ങളില്‍പ്പെട്ട രോഗമുണ്ടായാല്‍ സന്ദര്‍ശിക്കല്‍ സുന്നത്തുണ്ട്. ‘സുന്നത്ത് ഐന്‍’ (വ്യക്തിഗത സുന്നത്ത്) എന്നാണ് ചില കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ പറഞ്ഞിരിക്കുന്നത്. മാലികീ മദ്ഹബിലെ ചില പണ്ഢിതന്മാര്‍ രോഗസന്ദര്‍ശനം സാമൂഹിക ബാധ്യത (ഫര്‍ളുകിഫായ) ആണെന്നു വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഗം എത്ര നിസ്സാരമാണെങ്കിലും രോഗിയെക്കാണല്‍ സുന്നത്താണ്. സൈദ്ബ്നു അര്‍ഖം(റ) വിന് ചെങ്കണ്ണു രോഗമുണ്ടായപ്പോള്‍ നബി(സ്വ) അദ്ദേഹത്തെ സന്ദര്‍ശിച്ചതായി അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ കാണാം. ബന്ധുമിത്രാദികളെ മാത്രമല്ല, നല്ല നിലയില്‍ സൌഹൃദത്തില്‍ കഴിയുന്ന ഇതരമതസ്ഥരോ അപരിചിതരോ ആയാല്‍ പോലും രോഗസന്ദര്‍ശനം സുന്നത്താണ്. ശത്രുതയോ വിരോധമോ ഉള്ള രോഗി ആ യാലും ഈ സുന്നത്തു നിലനില്‍ക്കുമെന്നു ‘ശര്‍വാനി’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗസന്ദര്‍ ശനം കൊണ്ട് ഒരുപക്ഷെ ശത്രുത മാറി സ്നേഹബന്ധം പുനഃസ്ഥാപിക്കാനിടയായേക്കാം. ജാതിമതഭേദവും രോഗസന്ദര്‍ശനത്തിന്റെ കാര്യത്തിലില്ല. തിരുനബി(സ്വ)ക്ക് ഖിദ്മത്ത് ചെയ്തിരുന്ന ഒരു ജൂത ബാലനുണ്ടായിരുന്നു. ആ കുട്ടി രോഗിയായപ്പോള്‍ നബി(സ്വ) സന്ദര്‍ശിച്ച വിവരം അനസ് (റ) ഉദ്ധരിച്ചത് ബുഖാരിയില്‍ കാണാം. ‘ഏതൊരു മുസ്ലിം തന്റെ മുസ്ലിമായ സുഹൃത്തിന്റെ രോഗം രാവിലെ സന്ദര്‍ശിക്കുന്നുവോ വൈകുന്നേരമാകുന്നതുവരെ എഴുപതിനായിരം മലകുകള്‍ അവനു പൊറുക്കലിനെ തേടിയിട്ടല്ലാതെ ഇല്ല. അപ്രകാരം വൈകുന്നേരം സന്ദര്‍ശിച്ചാല്‍ രാവിലെ വരെയും. സ്വര്‍ഗത്തിലെ പഴവര്‍ഗങ്ങള്‍ അവനു ലഭിച്ചിട്ടല്ലാതെയും ഇല്ല.’ അലി(റ)ല്‍ നിന്ന് ഇമാം തുര്‍മുദി നിവേദനം ചെയ്ത ഹദീസാണിത്. മറ്റൊരു ഹദീസ്: ‘നിങ്ങള്‍ വിശന്നവരെ ഭക്ഷിപ്പിക്കുകയും രോഗികളെ സന്ദര്‍ശിക്കുകയും ബന്ധനസ്ഥരെ മോചിപ്പിക്കുകയും ചെയ്യുക’ (ബുഖാരി).

എന്നാല്‍ മുബ്തദിഇന്റെയും ഫാസിഖിന്റെയും രോഗം സന്ദര്‍ശിക്കല്‍ സുന്നത്തില്ലെന്നു ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്(നിഹായ, മുഗ്നി, ശര്‍വാനി, ശറഹ് ബാഫള്ല്). പുത്തനാശയക്കാര്‍, പലി ശ ഇടപാടുകാര്‍, മദ്യപാനികള്‍, അതിന്റെ ഇടപാടുകാര്‍ ഇവരുടെ രോഗസന്ദര്‍ശനം കറാഹത്താണെന്നും ഇവരെ സന്തോഷിപ്പിക്കല്‍ ഹറാമാണെന്നും ചില ഇമാമുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിന്മക്കു പ്രചോദനവും പിന്‍ബലവും കൊടുക്കുന്നതു നിരുത്സാഹപ്പെടുത്താനാണ് ഈ വിധി. പൊതുവെ സുന്നത്താണെന്നും ‘സുന്നത്തു ഐനാ’ണെന്നും ‘സുന്നത്തു കിഫായ’യാണെന്നും വുജൂബാണെന്നു ഇമാം ബുഖാരി(റ)നു അഭിപ്രായം കൂടിയുള്ള ഒരു കര്‍മ്മം, പാപികള്‍ക്കു വിലക്കുന്നതു പാപകര്‍മ്മങ്ങളില്‍ നിന്നു ഇത്തരക്കാരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ്.

രോഗം സുഖപ്പെടുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ ശമനത്തിനുവേണ്ടി പ്രാര്‍ഥിക്കണം. സാധാരണയായി രോഗ സന്ദര്‍ശനവേളയില്‍

എന്നു പ്രാര്‍ഥിച്ചാല്‍ മതി. നബി(സ്വ) രോഗിയെ സന്ദര്‍ശിച്ചാല്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്നു ബുഖാരിയിലും മുസ്ലിമിലും കാണാം. ആഇശാ(റ) പറയുന്നു: “ഞങ്ങളില്‍ ആര്‍ക്കെങ്കിലും രോ ഗമുണ്ടായാല്‍ നബി(സ്വ) ആ രോഗിയെ വലതുകൈകൊണ്ടു തടവുകയും

(ജനങ്ങളുടെ രക്ഷിതാവേ, രോഗത്തെ നീ സുഖമാക്കണേ. നീ മാത്രമാണ് സുഖമാക്കുന്നവന്‍. നീ യല്ലാതെ സുഖമാക്കുന്നവനില്ല. അതിനാല്‍ ഒരു രോഗവും അവശേഷിക്കാത്തവിധം നീ സുഖമാക്കണേ)” എന്നു പറയുകയും ചെയ്തിരുന്നു. ഇതില്‍ ആദ്യം പറഞ്ഞ ദുആ അബൂദാവൂദും രണ്ടാമത്തേത് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്. അനസ്(റ), സാബിത്(റ)ന്റെ രോഗം കാണാന്‍ പോയപ്പോള്‍ ചോദിച്ചു: ‘തിരുനബി(സ്വ) മന്ത്രിച്ച സൂക്തം കൊണ്ടു ഞാന്‍ താങ്കളെ മന്ത്രിക്കട്ടെയോ?’ സാബിത്(റ) സസന്തോഷം സമ്മതിച്ചു. തുടര്‍ന്നു മേല്‍ പറഞ്ഞ ദീര്‍ഘമായ വചനം അനസ്(റ) സുഹൃത്തിനെ ഊതി മന്ത്രിച്ചു. ഈ സംഭവം ബുഖാരിയില്‍ കാണാം.

രോഗം സുഖപ്പെടില്ല, മരിച്ചുപോകുമെന്ന നിലയിലാണെങ്കില്‍ പശ്ചാത്തപിക്കാനും വസ്വിയ്യത്ത് ചെയ്യാനും അവനെ പ്രേരിപ്പിച്ചശേഷം തിരിച്ചു പോരണം.

രോഗിയുടെ അടുത്തു ദീര്‍ഘനേരം ഇരിക്കല്‍ കറാഹത്താണ്. കുടുംബങ്ങള്‍ക്കു ഇതു ബാധകമല്ല. അതുപോലെ സാന്നിദ്ധ്യം കൊണ്ടു രോഗിക്ക് ആശ്വാസം കിട്ടാനിടയുള്ളവരും ബറകത്ത് സിദ്ധിക്കാനിടയുള്ളവരും കൂടുതല്‍ സമയം രോഗിയുടെ അടുത്ത് ചിലവഴിക്കുന്നതിനും വിരോധമില്ല. അതല്ലാത്തവര്‍ ഓരോ ദിവസം ഇടവിട്ടു സന്ദര്‍ശിക്കുന്നതാണു സുന്നത്ത്. ഇനി രോഗി തടയുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇത്തരക്കാര്‍ക്കും എല്ലായ്പോഴും സന്ദര്‍ശിക്കാവുന്നതാണ്. വെള്ളിയാഴ്ച രോഗസന്ദര്‍ശനം പ്രത്യേകം സുന്നത്താണ്.

ശല്യപ്പെടുത്തരുത്

സന്ദര്‍ശകര്‍ രോഗിയെ ശല്യപ്പെടുത്തരുത്. ഇത് കറാഹത്താണെന്നു ശര്‍വാനിയിലുണ്ട്. വ്യക്തിപരമായി പരിചയപ്പെടുത്താനും പഴങ്കഥകള്‍ ഓര്‍മ്മപ്പെടുത്താനും തുനിയരുത്. അവശനിലയില്‍ ക ഴിയുന്ന രോഗിയുടെ þ-എത്ര ഉറ്റബന്ധമുള്ള ആളാണെങ്കിലും ശരിþ- അടുത്തുചെന്നു ആളെ പേരു വിളിക്കുകയും മോനെ, കുഞ്ഞേ, ഉപ്പാ, ഉമ്മാ എന്നിങ്ങനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയും എന്നെ മനസ്സിലായോ, തിരിഞ്ഞോ, ആരുടെ മകനാണ്, എവിടന്നാണ് എന്നു പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതു കാണാം. സന്ദര്‍ശകര്‍ ഇങ്ങനെ വിഷമിപ്പിച്ചു പരിചയം പുതുക്കേണ്ട കാ ര്യമില്ല. വന്നവര്‍ ആരാകട്ടെ, അവരുടെ പേരും ഊരും ഏതാകട്ടെ, രോഗിക്കതിലൊന്നുമല്ല കാര്യം. രോഗി ചിലപ്പോള്‍ ആളെ മനസ്സിലായെന്നു പറയും. ചിലപ്പോള്‍ കണ്ണടച്ചിരിക്കും. രണ്ടായാലും രക്ഷയില്ല. ആളെ അറിഞ്ഞെന്നു പറഞ്ഞാല്‍ ആരാണെന്നു പറയാന്‍ ആവശ്യപ്പെടും. പ്രയാസ വും വ്യഥയും നിറഞ്ഞ നേരത്ത് ഇതു വല്ലാത്ത ദ്രോഹം തന്നെയാണ്. പ്രയാസമില്ലെങ്കില്‍, രോ ഗിക്കു മറുപടി പറയാനാവുമെങ്കില്‍ രോഗവിവരം ചോദിക്കാം. കിട്ടിയ മറുപടി അധികം വിശകലനം ചെയ്യാന്‍ നില്‍ക്കരുത്. ശമനത്തിന്റെ കാര്യം സംസാരിക്കുന്നത് ഗുണകരമാണെങ്കിലും ഉചിതമാണെങ്കിലും സൂചിപ്പിക്കാം. രോഗിയെക്കാള്‍ വലിയ വ്യഥ സന്ദര്‍ശകന്‍ കാണിക്കരുത്. എന്നാ ലും എന്റെ മോന് ഇങ്ങനെയെല്ലാം വന്നല്ലോ…. ഇതു വല്ലാത്ത രോഗമാണു കോട്ടോ…. എന്തുമാത്രം കഷ്ടമായിപ്പോയി…. ആകെയങ്ങു മെലിഞ്ഞുപോയില്ലേ…., എന്നിങ്ങനെ വിലപിക്കുന്നതു തികഞ്ഞ അപരാധമാണ്. രോഗിയുടെ ആശങ്കയും വ്യഥയും കൂടുകയല്ലാതെ മറ്റെന്താണിതുകൊണ്ടുള്ള നേട്ടം? അവശനിലയിലുള്ള രോഗിയോടു രോഗകാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യരുത്. രോഗി കേള്‍ക്കാത്ത രീതിയില്‍ ബന്ധുക്കളോടോ മറ്റോ ചര്‍ച്ചയാവാം. കുട്ടികളെ രോഗ സന്ദര്‍ശനത്തിനു കൊണ്ടുപോകാതിരിക്കുകയാണ് ഉത്തമം.

സുന്നത്തുകള്‍

സന്ദര്‍ശന സമയത്തു സുന്നത്തായ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക. വുളൂഅ് ചെയ്തശേഷം രോഗം കാണാന്‍ പോവുക. നരകത്തില്‍ നിന്നു അകറ്റപ്പെടാന്‍ ഇതു കാരണമാകുമെന്നു അബൂദാവൂദിന്റെ ഒരു നിവേദനത്തിലുണ്ട്. രോഗിക്കു സന്തോഷം തോന്നുമെങ്കില്‍ പഴങ്ങളോ മറ്റോ സമ്മാനിക്കല്‍ സുന്നത്താണ്. രോഗിയുടെ തലയുടെ ഭാഗത്തിരിക്കല്‍ സുന്നത്താണ്. റസൂല്‍(സ്വ) ഇങ്ങനെയാണു ചെയ്തിരുന്നത്. രോഗിയെ സന്ദര്‍ശിച്ചാല്‍ റസൂല്‍(സ്വ) അവരെ തടവിയിരുന്നതായി ഹദീസുകളില്‍ കാണാം. ഇതും സുന്നത്താണ്. ദീര്‍ഘായുസ്സിനും രോഗശാന്തിക്കും പ്രാര്‍ഥിക്കുന്നതോടൊപ്പം അങ്ങനെ ചെയ്യുമെന്നു പറഞ്ഞു രോഗിയെ ആശ്വസിപ്പിക്കലും സുന്നത്താണ്. നബി(സ്വ) ഇങ്ങനെ ചെയ്യാന്‍ കല്‍പിച്ചതായി തിര്‍മുദിയുടെ ഒരു നിവേദനത്തിലുണ്ട്.

രോഗിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനൊപ്പം രോഗിയോടു പ്രാര്‍ഥിക്കാന്‍ വസ്വിയ്യത്തു ചെയ്യലും സുന്നത്താണ്. ആതുരാവസ്ഥയിലുള്ളയാളുടെ പ്രാര്‍ഥനക്കു ഫലമുണ്ടാകാന്‍ എളുപ്പമാണ്. ഠരാ ഗികള്‍ അര്‍ഹരാണെങ്കില്‍ സ്വദഖ നല്‍കി സഹായിക്കണം. ഒരു വിശ്വാസിയുടെ പ്രയാസമകറ്റിയാല്‍ അവന്റെ പ്രയാസം അല്ലാഹു അകറ്റുമെന്നാണ് ഹദീസ് (മുസ്ലിം). രോഗിയുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുകയും കഴിവിനനുസരിച്ചു സാധിച്ചുകൊടുക്കുകയും ചെയ്യണം. ഒരു രോഗി യെ സന്ദര്‍ശിച്ചപ്പോള്‍ നബി(സ്വ) അയാളോട് ആഗ്രഹം ആരാഞ്ഞു. ഗോതമ്പുപത്തിരി വേണമെ ന്ന് അയാള്‍ പറഞ്ഞു. പത്തിരി എത്തിച്ചുകൊടുക്കാന്‍ പറഞ്ഞുകൊണ്ട് രോഗികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കണമെന്നു അവിടുന്ന് ഉപദേശിച്ചു (ഇബ്നുമാജ).

ശുഭചിന്ത നല്‍കുക

ശമന പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കു അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ചും ദയാദാക്ഷിണ്യത്തെക്കുറിച്ചും പ്രതീക്ഷ നല്‍കണം. രോഗിയെ നിരാശനാക്കരുത്. അവന്‍ പാപിയോ ദുഷ്കര്‍മ്മി യോ ആകാം. തെറ്റുകളും അപരാധങ്ങളും ധാരാളമായി ചെയ്തിരിക്കാം. ആത്യന്തികമായി പരാജയപ്പെട്ടവനാണെന്നു വിധിക്കാന്‍ ഇതൊന്നും കാരണമല്ല. അല്ലാഹുവിന്റെ കാരുണ്യം അത്രക്കും വിശാലമാണ്. രോഗിക്കു പ്രതീക്ഷ നല്‍കേണ്ടത് അവനെ ശുശ്രൂഷിക്കുന്നവരാണ്. സന്ദര്‍ശകരും ഇങ്ങനെ ചെയ്യണം. രോഗ ശുശ്രൂഷ മഹത്തായ സത്കര്‍മ്മമാണ്. കര്‍ശന ശാസനയുള്ള ജുമുഅ þ-ജമാഅത്തുകള്‍ക്കുവരെ രോഗ ശുശ്രൂഷയുടെ പേരില്‍ വിട്ടുവീഴ്ചയുണ്ട്. ‘പാപകര്‍മ്മങ്ങള്‍ കൊണ്ടു സ്വന്തം ശരീരങ്ങളെ അക്രമിച്ചവരോട് നബീ തങ്ങള്‍ പറയുക- എന്റെ അടിമകളേ, നി ങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാകരുത്. നിശ്ചയമായും അല്ലാഹു (ശിര്‍ കില്‍ നിന്നു പശ്ചാത്തപിച്ചവര്‍ക്കു) സര്‍വ്വപാപങ്ങളും പൊറുക്കുന്നവനും കരുണചെയ്യുന്നവനുമത്രെ’ (സൂറത്തു സുമര്‍:53).

അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു ശുഭപ്രതീക്ഷയോടെയല്ലാതെ ആരും മരണപ്പെടരുതെന്നു നബി(സ്വ) പറഞ്ഞതായി മുസ്ലിം നിവേദനം ചെയ്യുന്നു. എത്രതന്നെ തെറ്റുകാരനായാലും വിട്ടുവീഴ്ച ചെയ്യാനും പൊറുത്തുതരാനും മതിയായവനാണ് അല്ലാഹു. സ്വന്തം ജനതയുടെ ഹിസാബ് തിരുനബി(സ്വ)യെ ഏല്‍പ്പിക്കുന്ന കാര്യം റസൂലിനെ അറിയിക്കുന്നതായി ഇഹ്യാഉലൂമുദ്ദീനില്‍ (4/148) ഒരു സംഭവം വിവരിക്കുന്നുണ്ട്. അല്ലാഹു ഇങ്ങനെ അറിയിച്ചപ്പോള്‍ നിന്റെയത്ര കരുണ കാണിക്കാന്‍ എനിക്കു കഴിയില്ല റബ്ബേ എന്നു പറഞ്ഞു തിരുമേനി(സ്വ) ഒഴിഞ്ഞുമാറുകയാണു ചെയ്യുന്നത്. ഉമര്‍(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: “എന്റെ ശരീരം ഏതൊരാളില്‍ നിക്ഷിപ്തമാണോ, അവന്‍ സത്യം. സ്നേഹനിധിയായ ഒരു മാതാവിനു തന്റെ കുഞ്ഞിനോടുള്ളതിലേറെ വാത്സല്യം അല്ലാഹുവിന് അവന്റെ അടിമകളോടുണ്ട്” (ബുഖാരി, മുസ്ലിം). അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്തവനായി മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കലും പങ്കുചേര്‍ത്തവനായി മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കലും നിര്‍ബന്ധമാണെന്നു നബി(സ്വ) പറഞ്ഞത് ജാബിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. ഒരു ഗ്രാമവാസിയായ അറബി നിര്‍ബന്ധമായ രണ്ടു കാര്യങ്ങളെക്കുറിച്ചു ചോ ദിച്ചപ്പോഴായിരുന്നു ഈ മറുപടി.

പരലോക വിചാരണയെക്കുറിച്ചു ഒരു അഅ്റാബി സംശയം ചോദിച്ചു: “ആരാണു ജനങ്ങളെ വി ചാരണ ചെയ്യുക?” നബി(സ്വ) മറുപടി പറഞ്ഞു: “അല്ലാഹു.” “അല്ലാഹു മാത്രമോ?” þ-അയാള്‍ വീണ്ടും ചോദിച്ചു. “അതെ” നബി(സ്വ)യുടെ പ്രതികരണം. ഇതുകേട്ടു അഅ്റാബി ചിരിച്ചു. എ ന്താണു ചിരിക്കുന്നതെന്നു നബി(സ്വ) ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “മാന്യനും ഔദാര്യവാനുമായ അല്ലാഹുവിന്റെയടുക്കല്‍ ഒരു അക്രമി ചെന്നാല്‍ മഹാനായ റബ്ബ് മാപ്പു ചെയ്യും. വിചാരണക്കിടയില്‍ ദയകാണിക്കും.” റസൂല്‍(സ്വ) അയാളെ ശരിവെച്ചുകൊണ്ടു പറഞ്ഞു. ‘ഇയാള്‍ പറഞ്ഞത് വളരെ ശരി. മാന്യന്മാരില്‍ മാന്യനും ഔദാര്യവും മാപ്പും ഏറെ ചെയ്യുന്നവനുമാണ് അല്ലാഹു’ (ഇഹ്യാ ഉലൂമുദ്ദീന്‍). അല്ലാഹുവിനെക്കുറിച്ചുള്ള ശുഭചിന്ത ആസന്നമരണനായ രോഗിയിലുണ്ടാക്കണം. രോഗി നിരാശനും ഖിന്നിതനുമാണെന്നു കണ്ടാല്‍ ഇങ്ങനെ ചെയ്യല്‍ വു ജൂബാണെന്നു വരെ പണ്ഢിതാഭിപ്രായമുണ്ട്. തന്റെ പാപങ്ങള്‍ കാരണമായി താന്‍ നശിച്ചുവെ ന്നും അല്ലാഹുവിന്റെ അടുക്കല്‍ രക്ഷപ്പെടില്ലെന്നും വിചാരിച്ചു ആശമുറിഞ്ഞ വ്യക്തിക്കു പൂര്‍ണമുസ്ലിമായി മരിക്കാനുള്ള മനസ്സാന്നിദ്ധ്യം കിട്ടാതെ പോകും. ഇതൊഴിവാക്കാന്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ ആശയുണ്ടാക്കുന്ന ചരിത്രസംഭവങ്ങളും മഹാന്മാരുടെ കഥകളും പറഞ്ഞുകേള്‍പ്പിക്കണം. റഹ്മത്തിനെക്കുറിച്ചുള്ള ആയത്തുകളും നബിവചനങ്ങളും വിവരിച്ചുകൊടുക്കണം. പ്രതീക്ഷ കൈവിടാതിരിക്കാന്‍ പ്രേരിപ്പിക്കണം. അബുല്‍മുഅ്തമിര്‍(റ) പറയുന്നു: എന്റെ പിതാവ് മരണാസന്നനായ സമയത്ത് എന്നോട് പറഞ്ഞു: മകനേ, അല്ലാഹു അവന്റെ അടിമകള്‍ക്കു നല്‍കുന്ന മാപ്പിനെക്കുറിച്ചും വിട്ടുവീഴ്ചയെക്കുറിച്ചുമുള്ള ശുഭവര്‍ത്തമാനം എന്നോടു പറയുക. അതുകേട്ടു, കാരുണ്യവും ദയയും പ്രതീക്ഷിച്ചു എനിക്കു മരിക്കാമല്ലോ.

നബികരീം(സ്വ) ഒരു രോഗിയെ സന്ദര്‍ശിച്ചു. സ്വന്തം നഫ്സിനെക്കുറിച്ചു എന്തു തോന്നുന്നുവെന്നു തിരുനബി(സ്വ) രോഗിയോടു ചോദിച്ചു. എന്റെ പാപങ്ങളെക്കുറിച്ചു ഞാന്‍ ആശങ്കാകുലനാണ്; എന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. നബി(സ്വ) പറഞ്ഞു: ഈ രണ്ടു വിചാരവും ഒരാളില്‍ സമ്മേളിച്ചാല്‍ അദ്ദേഹം ആഗ്രഹിച്ചത് സാധിക്കുകയും ഭയപ്പെട്ടത് അകലുകയും ചെയ്യും. ഇത്തരം ഒരു മാനസികാവസ്ഥയില്‍ രോ ഗിയെ എത്തിക്കാന്‍ സന്ദര്‍ശകര്‍ക്കു കഴിയണം. മേല്‍ പറഞ്ഞതുപോലുള്ള ഒരു സംഭവം വാസിലത്ത്(റ) നിവേദനം ചെയ്തതായിക്കാണാം.

 

 

അല്ലാഹു പരിഭവിക്കും

വ്യക്തിബന്ധങ്ങള്‍ ദൃഢമാക്കുകയും മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കുകയുമാണ് രോഗസന്ദര്‍ശനം കൊണ്ടുള്ള ഉദ്ദേശ്യം. രോഗിക്ക് അത് ആശ്വാസമാവുകയും ചെയ്യും. രോഗസന്ദര്‍ശനം അല്ലാഹുവിനു വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. രോഗവിവരം അറിഞ്ഞിട്ടും ചെന്നുനോക്കാത്തവനോട് അന്ത്യനാളില്‍ അല്ലാഹു പരിഭവിക്കുമെന്നു മുസ്ലിം നിവേദനം ചെയ്ത ഹദീസിലുണ്ട്. അബൂഹുറയ്റ(റ) നിവേദനം ചെയ്ത മുസ്ലിമിന്റെ ഹദീസില്‍ അല്ലാഹു ഒരടിമയോട് അന്ത്യനാളില്‍ പരിഭവം പറയുന്നതായി കാണാം. അല്ലയോ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ലല്ലോ എന്ന് അല്ലാഹു പറയുമ്പോള്‍ ലോകരക്ഷിതാവായ നീ എങ്ങനെ രോഗിയാവും എന്നവന്‍ തിരിച്ചു ചോദിക്കും. എന്റെ ഇന്നാലിന്ന അടിമ രോഗിയായിട്ട് നീ അവനെ സന്ദര്‍ശി ച്ചോ? സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്നെ (എന്റെ സംതൃപ്തി) നീ അവിടെ എത്തിക്കുമായിരുന്നു എ ന്നാകും അല്ലാഹുവിന്റെ മറുപടി. മുസ്ലിം സഹോദരന്റെ രോഗം സന്ദര്‍ശിക്കാനിറങ്ങിയവര്‍ തിരിച്ചുവരുന്നതുവരെ സ്വര്‍ഗത്തോപ്പിലാണെന്നു മുസ്ലിമിന്റെ മറ്റൊരു നിവേദനത്തിലുണ്ട്. മുസ്ലിം കള്‍ പരസ്പരം പാലിക്കേണ്ട ആറു ബാധ്യതകളുണ്ട്.

 

 

1 കണ്ടാല്‍ സലാം ചൊല്ലുക.

 

2 ക്ഷണിച്ചാല്‍ സ്വീകരിക്കുക.

 

3 സദുപദേശം തേടിയാല്‍ ഉപദേശിക്കുക.

 

4 തുമ്മിയതിനുശേഷം ‘അല്‍ഹംദുലില്ലാഹ്’ എന്നു പറഞ്ഞാല്‍ ‘യര്‍ഹമുക്കല്ലാഹു’ എന്നു പറഞ്ഞു അവനുവേണ്ടി പ്രാര്‍ഥിക്കുക.

 

5 രോഗിയായാല്‍ സന്ദര്‍ശിക്കുക.

 

6 മരിച്ചാല്‍ ജനാസയെ അനുഗമിക്കുക.

Created at 2024-03-17 03:23:31

Add Comment *

Related Articles