Related Articles
-
BOOKs
പൈത്യക മഹത്വംഇസ്ലാമില്
-
BOOKS
ആത്മീയ ചികിത്സ
-
BOOKS
പെന്സിലിന് വന്ന വഴി
സംഘടിത സകാതിന്റെ ഇസ്ലാമിക വിധി വിശദമാക്കാം. മൊത്തം സകാതിനെ മുസ്ലിം പണ്ഢിതന്മാര്‍ രണ്ടിനമായി തിരിക്കുന്നു. ഒന്ന് ബാഹ്യമായ ധനത്തിന്റെ സകാതും മറ്റൊന്ന് ആന്തരികമായ ധനത്തിന്റെ സകാതും. ഇമാം നവവി(റ) പറയുന്നു: “ഫിത്വ്ര്‍ സകാത്, കച്ചവട സ്വത്ത്, നിധി, സ്വര്‍ണം, വെള്ളി എന്നിവ ആന്തരികമായ സ്വത്തുക്കളും ഖനിജങ്ങള്‍, പഴവര്‍ഗങ്ങള്‍, ആട്,മാട്,ഒട്ടകം, കൃഷി എന്നിവ ബാഹ്യമായ സ്വത്തുക്കളുമാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 6/146).
ഈ വിഭജനത്തിന്റെ മാനദണ്ഡം ഇങ്ങനെ ഗ്രഹിക്കാം. ഒരു വ്യക്തിയുടെ അരികില്‍ സൂക്ഷിപ്പുള്ള തുകയെ സംബന്ധിച്ചും തനിക്കു കിട്ടിയ നിധിയെ സംബന്ധിച്ചും തന്റെ കടയിലും ഗോഡൌണിലും സ്റ്റോക്കുള്ള ചരക്കുകളെ സംബന്ധിച്ചും അന്യര്‍ക്ക് അറിയുന്നതിലുപരി തനിക്ക് തന്നെയാണ് അറിയുക. അതു പോലെ തന്റെ ശരീരത്തിനും തന്നെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കും പെരുന്നാള്‍ ദിവസം ആവശ്യമായവ കഴിച്ച് തന്റെ കയ്യില്‍ വല്ലതും ശേഷിക്കുമ്പോഴാണല്ലോ ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നത്. ഇത് സംബന്ധിച്ചും തനിക്കാണ് കൂടുതല്‍ അറിവ്. അന്യന്റെ നിരീക്ഷണങ്ങള്‍ക്കു ഇവകള്‍ പൂര്‍ണമായും അധീനമല്ലെന്ന് ചുരുക്കം. ഇതാണ് ഇവകള്‍ ആന്തരിക സകാതായി കാണുന്നതിന്റെ ന്യായം.
എന്നാല്‍ കൃഷികള്‍, ആട്, മാട്, പഴവര്‍ഗങ്ങള്‍, ഒട്ടകം, ഖനിയില്‍ നിന്ന് കിട്ടുന്ന ലോഹങ്ങള്‍ എന്നിവയുടെ സകാത് മുമ്പ് പറഞ്ഞത് പോലെയല്ല. ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ സ്ഥാപിതമാകുന്ന ബൈതുല്‍ മാല്‍ ഫണ്ടിന്റെ ഉദോഗസ്ഥര്‍ക്ക് നേരിട്ടുള്ള നിരീക്ഷണത്തിലൂടെ സകാത് ഇത്രയുണ്ടാകുമെന്ന് കണക്കാക്കാന്‍ കഴിയും. ഉടമസ്ഥന്റെ അറിവിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല ഇത്. വയലില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ഇത്രയുണ്ടാകുമെന്നും അതില്‍ നിന്നു തന്നെ സകാത് ഇത്രയുണ്ടാകുമെന്നും അവര്‍ക്ക് കണക്കാക്കാനാകും. അതു പോലെ തന്നെയാണ് മുന്തിരി, കാരക്ക തോട്ടങ്ങളിലെ പഴവര്‍ഗങ്ങളും ഖനിയില്‍ നിന്നെടുക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളും. ഇതാണ് ഇത് ബാഹ്യധനമായി കാണുന്നതിന്റെ രഹസ്യം. ഈ വിഷയങ്ങള്‍ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. തുഹ്ഫ 3/337, നിഹായ 3/130, മുഗ്നി 1/114, മഹല്ലി 2/40, ജമല്‍ 2/239, ബുജൈരിമി 2/587 എന്നിവനോക്കുക.
ഈ രണ്ടിനം സകാതുകള്‍ ഇമാമോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ചോദിക്കുന്നതും തദവസരത്തില്‍ സകാത് ദായകരുടെ ബാധ്യതയും സംബന്ധിച്ച് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് കാണുക: ഇമാം നവവി(റ) പറയുന്നു: “ബാഹ്യമായ ധനത്തിന്റെ സകാത് ഇമാം ആവശ്യപ്പെട്ടാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ ഉടമസ്ഥന്റെ ബാധ്യതയാണെന്നതില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ ഇമാമിന് നല്‍കാതെ അവകാശികള്‍ക്ക് ഉടമസ്ഥന്‍ നേരിട്ട് തന്നെ നല്‍കാന്‍ തയ്യാറായാല്‍ പോലും അരാജകത്വമില്ലാതാക്കാന്‍ വേണ്ടി മുസ്ലിം ഭരണാധിപരന്‍ അവരോട് യുദ്ധം ചെയ്യേണ്ടതാണ്. ഇമാം ചോദിക്കാതിരിക്കുകും ഇമാം നിശ്ചയിക്കുന്ന വ്യക്തി വരാതിരിക്കുകയും ചെയ്താല്‍ വരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ സകാത് പിന്തിച്ച് വെക്കേണ്ടതും വരുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ സകാത് ദായകനു തന്നെ സ്വയം വിതരണം ചെയ്യാവുന്നതുമാണ്. ഇമാം ശാഫി’ഈ(റ) ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആന്തരിക സ്വത്തിന്റെ സകാതാണെങ്കില്‍ അധികാരികള്‍ക്കതില്‍ ചിന്തിക്കേണ്ടതില്ല. ഉടമസ്ഥന്‍ സ്വയം അവകാശികള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. സ്വമേധയാ ഉടമസ്ഥന്‍ ഇമാമിനെ ഏല്‍പ്പിച്ചാല്‍ അവരില്‍ നിന്നും ഇമാമിന് സ്വീകരിക്കാവുന്നതാണ്. ഇമാം മാവര്‍ദി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 6/166).
“ആന്തരികമായ ധനത്തിന്റെ സകാത് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടലും അത് പിരിച്ചെടുക്ക ലും ഇമാമിന് (മുസ്ലിം ഭരണാധികാരി) അനുവദനീയമല്ലെന്നാണ് പണ്ഢിതലോകത്തിന്റെ ഇജ്മാ’അ് (ഏകാഭിപ്രായം) തുഹ്ഫ 3/344, ഇപ്രകാരം നിഹായ 3/136, മുഗ്നി 1/413, ജമല്‍ 2/294, ബുജൈരിമി 2/587 എന്നിവയിലും കാണാം. നിഹായയുടെ വാക്കിനെ വ്യാഖ്യാനിച്ച് കൊണ്ട് ശൈഖ് അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഇമാം ആവശ്യപ്പെട്ടാലും ആന്തരികമായ ധനത്തിന്റെ സകാത് അദ്ദേഹത്തിന് നല്‍കല്‍ ഉടമസ്ഥന് നിര്‍ബന്ധമില്ല. ആവശ്യപ്പെടല്‍ ഇമാമിന് നിഷിദ്ധവുമാണ്” (ഹാശിയതുന്നിഹായ 3/136).
ഇമാം നവവി(റ) പറയുന്നു; “വല്ല വ്യക്തിയും ആന്തരികമായ സ്വത്തിന്റെ സകാത് നല്‍കാത്തതായി ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം അവകാശികള്‍ക്ക് നല്‍കാനോ അല്ലെങ്കില്‍ അവകാശികള്‍ക്ക് എത്തിക്കാന്‍ വേണ്ടി എന്റെ വശം തരണമെന്നോ ഇമാമിന് പറയാവുന്നതാണ്.” (ശര്‍ഹുല്‍ മുഹദ്ദബ് 6/166)
ഇബ്നു ഹജര്‍(റ) തുടരുന്നു: “ഒരു വ്യക്തി ആന്തരികമായ സ്വത്തിലെ നിര്‍ബന്ധ സകാത് നല്‍കുന്നില്ലെന്ന് ഇമാം മനസ്സിലാക്കിയാല്‍ അവനോട് അത് കൊടുക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ അവകാശികള്‍ക്ക് കൊടുക്കാന്‍ വേണ്ടി തന്നെ ഏല്‍പ്പിക്കാന്‍ വേണ്ടിയോ കല്‍പ്പിക്കല്‍ ഇമാമിന് നിര്‍ബന്ധമാണ്. ഞാന്‍ നല്‍കിക്കൊള്ളാമെന്ന വാക്ക് കേട്ട് മതിയാക്കരുത്. കാരണം പെട്ടെന്ന് കൊടുത്തു തീര്‍ക്കാന്‍ രണ്ടാലൊന്ന് ചെയ്യണം. എല്ലാ നല്ല കാര്യങ്ങളുടെയും സംസ്ഥാപനത്തിലും ചീത്ത കാര്യങ്ങളുടെ വിപാടനത്തിലും ഇമാം ശ്രദ്ധിക്കേണ്ടതിനാലാണിത്” (തുഹ്ഫ 3/345 ശര്‍വാനി സഹിതം നോക്കുക).
ചുരുക്കത്തില്‍ ഇസ്ലാമിക ഭരണാധികാരിയാണെങ്കില്‍ പോലും ആന്തരികമായ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ശരീ’അത്തില്‍ നിയമമില്ല. എന്നാല്‍ ഉടമസ്ഥന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ അവനെ കൊണ്ട് കൊടുപ്പിക്കുകയോ തന്നെ ഏല്‍പ്പിക്കണമെന്ന് പറയുകയോ ആണ് ഇമാം ചെയ്യേണ്ടത്. ഇമാം റംലി(റ) നിഹായയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു. “ഇമാമിനെ പോലെ മറ്റുള്ളവര്‍ക്കും അവനോട് സകാത് കൊടുക്കാന്‍ കല്‍പ്പിക്കാവുന്നതാണ്. പക്ഷേ അവനെ ഏല്‍പ്പിക്കാന്‍ പറയാവതല്ല” (ഹാശിയതുന്നിഹായ 3/136). ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ആന്തരിക സ്വത്തിന്റെ സകാത് മുസ്ലിം ഭരണാധികാരിക്ക് പോലും ജനങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം നടത്താന്‍ വകുപ്പില്ല. (2) ജനങ്ങളില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് നിഷിദ്ധമാണെന്നതില്‍ ഇജ്മാ’ഉണ്ട്. (3) സകാത് ദായകന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ പോലും ഖണ്ഡിതമായി അത് തന്നെ ഏല്‍പ്പിക്കണമെന്ന് ഇമാമിന് പോലും പറയാന്‍ പാടില്ല. (4) സ്വന്തമായി കൊടുക്കുകയോ അല്ലെങ്കില്‍ തന്നെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നേ പറയാന്‍ പാടുള്ളൂ. (5) ഇമാമ് അല്ലാത്തവര്‍ക്ക് ഇപ്പറഞ്ഞതിനും വകുപ്പില്ല. (6) നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ സകാത് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ ന്യായമുള്ളൂ.
ഇസ്ലാമിക ഭരണാധികാരിയായ ഇമാമിന് പോലും(തന്റെ അധികാര പരിധിക്ക് പുറത്തായതിനാല്‍) ആ ന്തരികമായ സ്വത്തിന്റെ സകാത് പിരിക്കാന്‍ അര്‍ഹതയില്ലെന്നിരിക്കെ മറ്റുള്ള കൈകാര്യകര്‍ത്താക്കള്‍ക്ക് -ഇന്നത്തെ രീതിയിലുള്ള കമ്മിറ്റിക്ക് പ്രത്യേകിച്ചും- ഫിത്വ്ര്‍ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ഇസ്ലാമില്‍ ഒരു വകുപ്പുമില്ല.
ചില സംശയങ്ങള്‍ക്ക് മറുപടി
(1) പരിശുദ്ധ ഖ്വുര്‍ആനിലെ ആയതുകള്‍ ഉദ്ധരിച്ച് സംഘടിത സകാതിനെ ന്യായീകരിക്കുന്നവരുണ്ട്. “അവരുടെ സ്വത്തില്‍ നിന്നും നിങ്ങള്‍ സ്വദഖ്വയെ പിടിക്കണം.” എന്നര്‍ത്ഥം വരുന്ന ആയതാണ് അവര്‍ എടുത്തു കാണിക്കുന്നത്.
ജനങ്ങളുടെ സമ്പത്തില്‍ നിന്ന് ശഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യപ്പെടണമെന്ന ഹദീസും സംഘടിത സകാതു വാദികള്‍ ഉദ്ധരിക്കാറുണ്ട ്.
രണ്ട് രൂപത്തില്‍ ഇതിന്റെ മറുപടി ഗ്രഹിക്കാം.
ഒന്ന്: ഈ പറഞ്ഞ ശേഖരണവും വിതരണവും ബാഹ്യമായ സ്വത്തിന്റെ സകാത് സംബന്ധിച്ചാണ്. ആന്തരികമായ സ്വത്തിനെ സംബന്ധിച്ചല്ല. കാരണം ഉടമസ്ഥന് ആന്തരികമായ ധനത്തിന്റെ സകാത് സ്വയം വിതരണം നടത്താമെന്നതില്‍ അഭിപ്രായ ഭിന്നതയില്ലാത്തതാണെന്ന് ഇമാം ശാഫി’ഈ(റ)യും അസ്വ്ഹാബും പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ലോക മുസ്ലിംകളുടെ ഇജ്മാ’അ് തന്നെ അതിലുണ്ടെന്ന് നമ്മുടെ അസ്വ്ഹാബ് ഉദ്ധരിക്കുന്നു” (ശര്‍ഹുല്‍ മുഹദ്ദബ് 6/164).
രണ്ട്: ഇബ്നുഹജര്‍(റ) പറയുന്നു: “ശേഖരിച്ച് വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃശ്ചിക കാരണത്തിനു വേണ്ടിയായിരുന്നു (സകാത് നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍) ജനങ്ങള്‍ അത് വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട് അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്. ശരീ’അത്തിന്റെ നിയമങ്ങളെല്ലാം സ്ഥിരമാകാത്തതാണിതിനു കാരണം. ഈ പറഞ്ഞ ന്യായമെല്ലാം പിന്നീട് നീങ്ങിയിട്ടുണ്ട്” (തുഹ്ഫ 3/344).
(2) ആയതുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠതയിലായി ഇമാം ബുഖാരി(റ) അബൂഹുറയ്റ(റ)യില്‍ നിന്നുദ്ധരിച്ച ഹദീസില്‍ റമള്വാനിലെ സകാത് സൂക്ഷിക്കാന്‍ നബി(സ്വ) എന്നെ ഏല്‍പ്പിച്ചു.’ എന്നര്‍ത്ഥം വരുന്ന ഭാഗം കൊണ്ട് ഫിത്വ്ര്‍ സകാത് നബി(സ്വ്വ)യുടെ കാലത്ത് ശേഖരിച്ച് വിതരണം ചെയ്യലായിരുന്നുവെന്ന് വരുന്നില്ലെ?
മറുപടി: ഇല്ല. കാരണം ഹദീസില്‍ സകാതു റമള്വാന്‍ എന്നാണുള്ളത്. മറിച്ച് സകാതുല്‍ ഫിത്വ്ര്‍ എന്നല്ല. ഇനി വാദത്തിനുവേണ്ടി ഫിത്വ്ര്‍ സകാതാണെന്ന് സമ്മതിച്ചാല്‍ തന്നെ (ഇപ്രകാരം ചില ഹദീസ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.) പിരിക്കാനും വിതരണം ചെയ്യാനും ഈ ഹദീസില്‍ തെളിവില്ല. പിരിവുകാരനെ അയക്കുകയോ ജനങ്ങളില്‍നിന്ന് സകാത് ആവശ്യപ്പെടുകയോ ചെയ്യാതെ നബി(സ്വ)യുടെ അരികില്‍ സകാത് ദായകരില്‍ നിന്ന് റമള്വാന്‍ മാസത്തില്‍ സംഘടിച്ചു കിട്ടിയ ഫിത്വ്ര്‍ സകാത് സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനു വേണ്ടി അബൂഹുറയ്റ(റ)യെ നബി(സ്വ)ചുമതലപ്പെടുത്തിയെന്ന് മാത്രമാണ് പരമാവധി ഹദീസില്‍നിന്ന് ഗ്രാഹ്യമാവുക. ഇസ്ലാമിക ഭരണാധികാരിയായ ഇമാമുള്ളപ്പോള്‍ ഇമാമിന്റെ ഭാഗത്തു നിന്നുള്ള പിരിച്ചെടുക്കലോ ആവശ്യപ്പെടലോ ഇല്ലാതെ മൊത്തം സകാത് സ്വത്തുക്കള്‍ ഇമാമിന്റെ അരികിലെത്തിക്കലാണ് ഏറ്റവും ശ്രേഷ്ഠതയെന്ന കര്‍മശാസ്ത്ര നിയമം ഇതിനുപോല്‍ബലകമാണ്.
(3) ഇബ്നുഹജര്‍(റ) പറയുന്നു: “പൊതുവായ രൂപത്തില്‍ ഖ്വാള്വിയെ സ്ഥാനമേല്‍പ്പിക്കല്‍ കൊണ്ട് മുഴുവന്‍ അധികാരങ്ങളും പൊതുജന പ്രശ്നങ്ങളും ഖ്വാള്വിയുടെ ചുമതലയില്‍ വരുന്നു. മറ്റൊരാളെ ഏല്‍പ്പിക്കാത്ത സകാത് കാര്യങ്ങള്‍ വരെ.” (തുഹ്ഫ 10/120) ഇതുകൊണ്ട് സകാത് ശേഖരിച്ച് വിതരണം ചെയ്യാനും ഖ്വാള്വിക്ക് അധികാരമുണ്ടെന്ന് വരുന്നില്ലേ?
മറുപടി: തുഹ്ഫയുടെ ഈ ഉദ്ധരണി ഒരിക്കലും സകാത് കമ്മിറ്റിക്കാര്‍ക്കനുകൂലമല്ല. മറിച്ച് അനാഥന്‍, സ്വയം ക്രയവിക്രയം അനുവദിക്കപ്പെടാത്തവന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക സംരക്ഷകരില്ലാത്തപ്പോള്‍ സകാതിന്റെ കാര്യം പൊതുസംരക്ഷകനെന്ന നിലക്ക് ഖ്വാള്വി ശ്രദ്ധിക്കേണ്ടതിനെ സംബന്ധിച്ചാണത്. മേലുദ്ധരണിയുടെ അവസാനത്തിലെ “മറ്റാരെയും ഉത്തരവാദപ്പെടുത്താത്ത സകാത് കാര്യം വരെ.” എന്ന വാക്ക് ഇതിന് ബലം നല്‍കുന്നു. മറ്റുള്ള പണ്ഡിതന്മാരുടെ വാക്കുകളും ഇതിന് പിന്‍ബലമായുണ്ട്.
ഇമാം അഹ്മദുറംലി(റ) പറയുന്നു: “അസ്നയുടെ വാക്കിന്റെ താത്പര്യം സകാത് പിരിക്കാനും വിതരണം ചെയ്യാനും ഖ്വാള്വിക്ക് അവകാശമുണ്ടെന്നാണെങ്കിലും ഖ്വാള്വിയുടെ സംരക്ഷണത്തിലുള്ള അനാഥക്കുട്ടികളുടെ സ്വത്തിലാണത്” (ഹാശിയതു അസ്നല്‍ മത്വാലിബ് 1/395).
ഇമാം ഖത്വീബുശിര്‍ബീനി(റ)യുടെ വാക്കുകള്‍ കാണുക: “ഖ്വാള്വിക്ക് സകാത് സ്വത്ത് വാങ്ങി വിതരണം ചെയ്യാവുന്നതാണെന്നാണ് മൂലഗ്രന്ഥകാരന്റെ (ഇമാം നവവി)വാക്കിന്റെ താത്പര്യം. എന്നാല്‍ ഇപ്പറഞ്ഞത് തന്റെ സംരക്ഷണത്തിലുള്ള അനാഥക്കുട്ടികളുടെ സ്വത്തിലാണ്. പ്രസ്തുത മുതലുകളുടെ സംരക്ഷണത്തിന് മുസ്ലിം ഭരണാധികാരി ഒരു നാള്വിറി(മേല്‍ നേട്ടക്കാരന്‍)നെ നിശ്ചയിക്കാതിരിക്കുമ്പോള്‍ ഖ്വാള്വിയുടെ അധികാരപരിധിയില്‍ ആ സ്വത്തിന്റെ സംരക്ഷണം ഉള്‍പ്പെടുമെന്നാണ് പ്രബലമായത്. ഇപ്രകാരം മൂലഗ്രന്ഥകാരന്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇമാം റാഫി’ഈ(റ) ഖ്വള്വാഅ് സംബന്ധിച്ച അധ്യായത്തില്‍ പ്രസ്തുത സ്വത്തുക്കളുടെ സംരക്ഷണം ഖ്വാള്വിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണെന് നിരുപാധികമായി പറഞ്ഞിട്ടുണ്ട്. ഒരു നാള്വിറിനെ ഇമാം നിശ്ചയിക്കാത്തിടത്താണ് അപ്പറഞ്ഞതെന്ന് വെക്കേണ്ടതാണ്” (മുഗ്നി 3/199).
ബഹു. ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ. “വിവേകമില്ലാത്തത് കാരണം ജപ്തി ചെയ്യപ്പെട്ടവനും ഇങ്ങനെ തന്നെയാണെന്നത് അവിതര്‍ക്കിതമാണ്. ഇങ്ങനെ മജ്മൂ’ഇല്‍ പ്രസ്താവിച്ചിട്ടുണ്ട്” (ഫത്ഹുല്‍ ജവാദ് 1/199).
ഇമാം സുബ്കി(റ)യുടെ വാക്കുകള്‍ കാണുക: “കുട്ടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവന്റെ ബാധ്യത അവകാശികള്‍ക്ക് അതിന്റെ സകാത് സ്വയം വിതരണം ചെയ്യലാണെന്നതില്‍ സന്ദേഹമില്ല. ഇനി ഇമാമിലേക്കോ ഖ്വാള്വിയിലേക്കോ അതേല്‍പ്പിക്കുകയും അവകാശികള്‍ക്ക് രണ്ടിലൊരാള്‍ അവ വിഹിതിച്ച് കൊടുക്കുകയും ചെയ്താല്‍ തന്റെ ബാധ്യത ഒഴിവാകുമെന്നതും സംശയരഹിതമാണ്” (ഫതാവാ സുബ്കി 1/201).
എന്നാല്‍ ഇപ്പറഞ്ഞത് തന്നെ സകാത് കാര്യങ്ങള്‍ നോക്കുന്നതിന് വേണ്ടി നിശ്ചിതമായ ഒരാളെ ഇമാമ് നിയോഗിക്കാതിരിക്കുമ്പോഴാണ്. നിയോഗിക്കുന്ന പക്ഷം സകാത് കാര്യങ്ങള്‍ ഖ്വാള്വിയുടെ നിയന്ത്രണ പരിധിയില്‍ നിന്ന് പാടേ പുറത്താണ്. ഇമാം നവവി(റ) പറയുന്നു: “സകാത് കാര്യങ്ങള്‍ ഇമാം മാവര്‍ദി (റ) ഇങ്ങനെ വിശദീകരിക്കുന്നു. “സകാത് കാര്യങ്ങള്‍ക്ക് വേണ്ടി നിശ്ചിതമായ ഒരാളെ ഇമാമ് നിയമിക്കുന്ന പക്ഷം അവ ഖ്വാള്വിയുടെ അധികാര പരിധിയില്‍ നിന്ന് പുറപ്പെടുന്നതാണ്” (റൌള്വ 11/125).
(4) ചിലരുടെ സംശയം ‘ഉംദയുടെ ‘ഇബാറത്തിലാണ്. “ഒരു സംഘമാളുകള്‍ അരുടെ ഫിത്വ്ര്‍ സകാത് ഒരുമിച്ച് കൂട്ടിക്കലര്‍ത്തി അവരോ അവര്‍ സമ്മതം നല്‍കിയ ഒരാളോ വിതരണം ചെയ്താല്‍ സാധുവാകുന്നതാണ്”.
മറുപടി: “ഈ പറഞ്ഞത് നമ്മുടെ വിഷയമേ അല്ലെന്ന് ഒരാവര്‍ത്തി കൂടി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. കാരണം പലരുടെയും സകാത് പിരിച്ചെടുക്കാനും അവകാശികള്‍ക്ക് വിതരണം ചെയ്യാനും ഒരു വിഭാഗമാളുകള്‍ സംഘടിക്കുകയും പൊതു ജനങ്ങളില്‍ നിന്നും അവരുടെ സകാതിനെ ആവശ്യപ്പെടുകയും അത് പിരിച്ചെടുത്ത് വിതരണം നടത്തുകയും ചെയ്യുന്ന സംഘടിത സകാതിലുണ്ടാകുന്ന ന്യൂനതകളാണ് മേല്‍ പറഞ്ഞത്. ‘ഉംദയുടെ വാക്കിലാണെങ്കില്‍ പിരിച്ചെടുക്കലോ അതിനൊരു കമ്മിറ്റിയോ കമ്മിറ്റി വിതരണമോ അല്ല പറയുന്നത്. മറിച്ച് കുറച്ചാളുകള്‍ അവരുടെ സകാത് ഒരുമിച്ചുകൂട്ടിക്കലര്‍ത്തി അവര്‍ തന്നെയോ അല്ലെങ്കില്‍ അവര്‍ സമ്മതം നല്‍കിയ ഒരാളോ അവകാശികള്‍ക്കെത്തിക്കുന്ന രൂപമാണ് സാധുവാകുന്നതെന്ന് പറഞ്ഞത്. സ്വത്തിന്റെ ഉടമസ്ഥന്‍മാര്‍ തന്നെ സ്വമേധയാ അവരുടെ സകാത് ഒരുമിച്ച് കൂട്ടിക്കലര്‍ത്തി അവനവന്റെ വിഹിതം വിതരണം നടത്തിയാല്‍ കൂട്ടിക്കലര്‍ത്തിയതിന്റെ പേരില്‍ പ്രശ്നമില്ലെന്ന് സാരം.
(5) സകാതിന്റെ യഥാര്‍ത്ഥ അവകാശികള്‍ യാചകരെ പോലെ പണക്കാരുടെ വീട്ടുപടിക്കല്‍ സഞ്ചിയും ചുമന്ന് നില്‍ക്കുന്ന ദയനീയ രംഗം തുടച്ചു മാറ്റാന്‍ വേണ്ടിയാണ് സകാത് കമ്മിറ്റിക്കാര്‍ ശ്രമിക്കുന്നത്. ഇത് നാമെന്തിന് എതിര്‍ക്കണം? എന്നതാണ് ചിലരുടെ സംശയം.
മറുപടി: വാസ്തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന് വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുന്നത് വിരോധാഭാസമാണ്. ഇതാണ് സംഘടിത സകാതിലൂടെ നടക്കുന്നത്. ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ക്ക് സാധുത ലഭിക്കാന്‍ കുറേ ഉപാധികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ ഉപാധികളിലൊന്നിന് ഭംഗം വരുത്തിയാല്‍ ആ കര്‍മ്മം അസ്വീകാര്യായി. സകാതിന്റെ സ്വീകാര്യതക്കുള്ള ഉപാധികള്‍ മുഴുവന്‍ സ്വീകരിക്കപ്പെട്ടാല്‍ മാത്രം അത് ഇസ്ലാമില്‍ സകാതായി അംഗീകരിക്കപ്പെടും. മറ്റു ഉപദേശങ്ങളൊന്നും ഈ വിഷയത്തില്‍ സ്വീകാര്യമല്ല. നിയമപരമായി സകാത് സാധുവാകുന്നുണ്ടോയെന്നതാണ് ഇസ്ലാം നോക്കുന്നത്. അല്ലാത്ത പക്ഷം അംഗീകാരവുമില്ല. ഇത്തരം സാമൂഹിക നന്മകളില്ലെന്ന് വെച്ച് ഉപാധികളൊത്ത സകാതിന്റെ സാധുതക്ക് പ്രശ്നമില്ല. ഉപാധിയൊക്കാത്തതിന് ഈ നന്മയുണ്ടായി എന്ന് കരുതി അസ്വീകാര്യത പരിഹരിക്കുന്നുമില്ല. ഉപാധിയോടെ സകാത് കൊടുക്കുമ്പോള്‍ തന്നെ ഇത്തരം സാമൂഹിക നന്മക്ക് വേണ്ടി യത്നിക്കലാണ് മുസ്ലിംകളുടെ സകാത് അസാധുവാക്കുന്ന പൊതു പ്രവര്‍ത്തനത്തെക്കാള്‍ ഉത്തമമെന്ന് പറയേണ്ടതില്ലല്ലോ.
അല്ലാഹു ഖ്വുര്‍ആനില്‍ പറയുന്നത് ചോദിച്ചുവരുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും മുഅ്മിനിന്റെ സ്വത്തില്‍ വിഹിതമുണ്ടെന്നാണ്. എല്ലാവര്‍ക്കും കൊടുക്കുന്നവനാണ് പൂര്‍ണ വിശ്വാസി. മാത്രമല്ല ശര്‍’ഇന്റെ മാനമില്ലാതെ പൊതുനന്മകള്‍ ശര്‍’ഇല്‍ അവലംബ രേഖയല്ലെന്ന് നിദാന ശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ട തത്വമാണ്. ഇനി യാചന ഒഴിവാക്കുകയെന്ന നന്മ പരിഗണിച്ചാല്‍ തന്നെയും സ്വന്തമായി കൊടുത്താലും ഇത് നടപ്പാക്കാമല്ലോ. സംഘടിപ്പിച്ച് വിതരണം ചെയ്താലേ ഈ നന്മ നടപ്പിലാക്കാനാകൂ എന്നത് നിരര്‍ത്ഥകമാണ്. എല്ലാം പോകട്ടെ. ഇങ്ങനെയൊരു നന്മക്കു വേണ്ടി സംഘടിപ്പിച്ച് വിതരണം ചെയ്യലായിരുന്നു അഭികാമ്യമെങ്കില്‍ ഈ ശ്രേഷ്ഠ പ്രവര്‍ത്തിയുടെ പ്രയോക്താക്കളാകേണ്ടി യിരുന്നത് പൂര്‍വ്വീക മഹത്തുക്കളായിരുന്നു. ശര്‍’ഇല്‍ അനുമതിയില്ലാത്തത് കൊണ്ടാണല്ലോ അവരത് ചെയ്യാതിരുന്നത്.
ഇബ്നുഹജര്‍(റ) പറയുന്നു: “മുസ്ലിം ഉമ്മതിലെ സല്‍വൃത്തരും ശ്രേഷ്ഠരുമായവര്‍ക്ക് വിലക്കപ്പെട്ട ഒരുകാര്യം പില്‍ക്കാല ജനങ്ങള്‍ക്ക് അനുവദിക്കപ്പെടുമെന്ന് ആരെങ്കിലും ഊഹിക്കുമോ, ഒരിക്കലുമില്ല” (ഫതാവാ ഇബ്നുഹജര്‍ 3/161). ഇമാം അബൂശാമ(റ) പറയുന്നു: “അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാര്‍ഗവും വഴിപാടുമാണെന്ന് മിക്കജനങ്ങളും ധരിക്കുന്ന ചില കാര്യങ്ങളൊന്നും അങ്ങനെയാകില്ല. എന്നല്ല, അങ്ങനെ പ്രവര്‍ത്തിക്കുന്നതിലുപരി ഉപേക്ഷിക്കുന്നതിലാകും നന്മ. ഇത് വിശദീകരിക്കുന്നതിന് വേണ്ടിയാണ് എന്റെ ഈ രചന തന്നെ. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ അല്ലാഹു ശര്‍’ആക്കാത്ത ഒന്ന് മുഖേനയാണ് അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്. എന്നല്ല അല്ലാഹു വിരോധിച്ച കാര്യം മുഖേന. ഭൂമിയില്‍ നിങ്ങള്‍ നാശം വിതക്കരുതെന്നവരോട് പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ വിതക്കുന്നവരാണെന്നായിരിക്കും അവരുടെ മറുപടി. നിശ്ചയം ഇക്കൂട്ടരാണ് നാശകാരികളെന്നറിയുക. പക്ഷേ, അവര്‍ക്കറിയില്ല” (അബൂശാമ(റ)യുടെ കിതാബുല്‍ ബാഇസ്, പേജ് 25).
ഏറ്റവും നല്ലത്
ഇനി ഒരു നാട്ടില്‍ രൂപീകൃതമായ കമ്മിറ്റി ജനങ്ങളില്‍ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ ആരെങ്കിലും ഏല്‍പ്പിക്കുന്നത് സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സങ്കല്‍പ്പിക്കുക.(പക്ഷേ, ഇത് സാങ്ക ല്‍പ്പിക്കം മാത്രമാണ്) എന്നാല്‍ തന്നെ കമ്മിറ്റിയിലെ നിശ്ചിത ഒരാളെ നിയമാനുസൃതം വകാലതാക്കുകയും മറ്റെല്ലാ നിബന്ധനകളും ഒത്തു കൂടുകയും ചെയ്താല്‍ ഉടമസ്ഥന്റെ ബാധ്യത വീടുമെങ്കിലും അത് ശ്രേഷ്ഠമായതിന് വിരുദ്ധമാണെന്നതില്‍ പക്ഷാന്തരമില്ല. കാരണം സ്വന്തമായി വിതരണം ചെയ്യുന്നത് വകാലതായി വിതരണം ചെയ്യുന്നതിനെക്കാള്‍ ശ്രേഷ്ഠമാണെന്നതില്‍ തര്‍ക്കമേയില്ലെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, ശര്‍ഹുല്‍ കബീര്‍ 5/521, മുഗ്നി 1/414 എന്നിവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉടമ നേരിട്ട് വിതരണം ചെയ്യല്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നതിനെക്കാള്‍ പുണ്യമാണെന്നതില്‍ പക്ഷാന്തരമില്ല(മുഗ്നി 1/414, നിഹായ 3/135, മഹല്ലി 2/42). ചുരുക്കത്തില്‍ ഒരു പരിതസ്ഥിതിയിലും വകീലിനെ ഏല്‍പ്പിക്കുന്നത് ഉത്തമമല്ലെന്ന് വ്യക്തം.
ഇമാമ് നിലവിലില്ലാത്ത നമ്മുടെ നാട് പോലെയുള്ള സ്ഥലങ്ങളില്‍ സ്വയം വിതരണം നടത്തലാണ് ഏറ്റവും അഭികാമ്യമെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണെന്ന് സംക്ഷിപ്തം. ശരിയായ വകാലതിന് തന്നെ രണ്ടാം സ്ഥാനമേയുള്ളൂ. അപ്പോള്‍ പിന്നെ സാധുതയില്ലാത്ത രൂപത്തിലുള്ള വകാലതും വിതരണവും വഴി മുസ്ലിംകളുടെ പുണ്യ കര്‍മ്മം പാഴാക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. സംശയരഹിതമായ രൂപത്തില്‍ സകാത് നല്‍കി, ചെയ്യുന്ന നല്ല കാര്യങ്ങള്‍ അതിന്റേതായ രൂപത്തിലാകാന്‍ മുസ്ലിംകള്‍ ശ്രദ്ധിക്കണം.
അബൂസ’ഈദില്‍ മഖ്ബുരി(റ)യില്‍ നിന്ന് നിവേദനം: “ഇരുനൂറ് ദിര്‍ഹമുമായി ഞാന്‍ ‘ഉമറുബ്നുല്‍ ഖത്ത്വാബി(റ)ന്റെ അരികില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു. ഓ അമീറുല്‍ മുഅ്മിനീന്‍, ഇതെന്റെ ധനത്തിന്റെ സകാതാണ്. അവിടുന്നിപ്രകാരം പ്രതിവചിച്ചു. ഇത് നീ തന്നെ കൊണ്ടുപോയി വിതരണം ചെയ്യുക. (ബൈഹഖ്വി) സ്വന്തമായി സകാത് വിതരണം ചെയ്യുന്നതിന് ഈ ഹദീസ് രേഖയാണെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/164ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
സൂക്ഷിപ്പ് പണമായ ദിര്‍ഹമുകളുടെ സകാതായിരുന്നു ഹദീസില്‍ പറഞ്ഞതെന്ന് വ്യക്തം. സൂക്ഷിപ്പ് പണം ആന്തരിക ധനത്തില്‍ പെട്ടതാണെന്ന് ശ്രദ്ധേയമാണ്. ആന്തരികസ്വത്തിന്റെ സകാത് സ്വന്തമായി കൊടുക്കല്‍ ഉത്തമമായത് കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) സ്വന്തമായി കൊടുക്കാന്‍ പറഞ്ഞതെന്ന് തീര്‍ച്ച .
Created at 2024-03-17 03:20:16