ഗുഹ്യരോമം, തുട, വൃഷ്ണം തുടങ്ങിയവ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയില്ലെങ്കിലും നിസ്കാരവും മറ്റും നിര്‍വ്വഹിക്കാന്‍ വുളൂഅ് സുന്നത്താണ്. ചെറിയ പെണ്‍കുട്ടിയെയോ സൌന്ദര്യമുള്ള ആണ്‍കുട്ടിയേയോ തൊട്ടാലും വുളൂഅ് സുന്നത്തുണ്ട്. ശരീരത്തില്‍ നിന്ന് രക്തം പുറത്ത് വന്നാ ലും വികാരത്തോടെ ബന്ധുക്കളെ പോലും നോക്കിയാലും വുളൂഅ് സുന്നത്ത് തന്നെ. പരദൂഷണം, ഏഷണി, കളവ്, ചീത്ത തുടങ്ങിയ തെറ്റായ കാര്യങ്ങള്‍ സംസാരിക്കുകയോ ദേഷ്യം വരികയോ ചെയ്താലും വുളൂഅ് നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മോശമായ വാചകം പറഞ്ഞ കാരണത്താല്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് നല്ല ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വുളൂഅ് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടമുള്ളതാണെന്ന് പ്രഗത്ഭ സ്വഹാബി അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നഖം, മീശ, മുടി എന്നിവ മുറിച്ചതിന് ശേഷവും വുളൂഅ് നിര്‍വ്വഹിക്കണമെന്ന കല്‍പനയുണ്ട്.
മുറിഞ്ഞതില്‍ സംശയം
നിര്‍വ്വഹിച്ചുവെന്നുറപ്പുള്ള വുളൂഅ് മുറിഞ്ഞുവോ എന്ന് സംശയിക്കുന്നവന്‍ വുളൂഅ് നിര്‍വ്വഹിക്കണമെന്ന് നിര്‍ബന്ധമില്ല. അവന്‍ സംശയം കയ്യൊഴിച്ച് വുളൂഅ് ഉണ്ടെന്ന നിലക്ക് കര്‍മ്മങ്ങളനുഷ്ടിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യം ഫത്ഹുല്‍ മുഈന്‍ ഉള്‍പ്പെടെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളത്രയും വ്യക്തമാക്കിയിട്ടുണ്ട്. സ്വഹീഹ് മുസ്ലിമിലെ ഒരദ്ധ്യായത്തിന്റെ തലവാചകം തന്നെ ‘ശു ദ്ധി വരുത്തിയതായി ഉറപ്പിച്ച ശേഷം അശുദ്ധിയുണ്ടായോ എന്ന് ഒരാള്‍ സംശയിച്ചാല്‍(സംശയം പരിഗണിക്കാതെ) ആ ശുദ്ധി മുഖേന തന്നെ നിസ്കരിക്കാമെന്നതിന്റെ തെളിവ് പറയുന്ന അദ്ധ്യായം’ എന്നാണ്. ഈ അദ്ധ്യായത്തില്‍ ഇമാം മുസ്ലിം ഉദ്ധരിക്കുന്നു: ഒരു പുരുഷനെ സം ബന്ധിച്ച പരാതി നബി(സ്വ)ക്ക് ലഭിച്ചു. അദ്ദേഹത്തിന് നിസ്കാരത്തില്‍ വുളൂഅ് മുറിഞ്ഞതായി ചിലപ്പോള്‍ തോന്നുന്നു. നബി(സ്വ) പറഞ്ഞു. കാറ്റിനെ എത്തിക്കുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യുന്നത് വരെ അയാള്‍ പോകേണ്ടതില്ല (നിസ്കാരം തുടരാം. വുളഅ് പുതുക്കി വന്ന് നിസ് കരിക്കേണ്ടതില്ല).
ശബ്ദം കേള്‍ക്കുകയെന്നും കാറ്റിനെ എത്തിക്കുകയെന്നുമൊക്കെ നബി(സ്വ) പറഞ്ഞതിന്റെ താ ല്‍പര്യം അതുണ്ടെന്ന് ബോധ്യപ്പെടല്‍ മാത്രമാണെന്നും കേള്‍ക്കലോ വാസനിക്കലോ നിബന്ധനയില്ലെന്നുമുള്ള വിഷയത്തില്‍ മുസ്ലിം ലോകത്തിന്റെ ഏകോപനമുണ്ടെന്നും ഇമാം നവവി (റ) ഉള്‍പ്പെടെ ഹദീസ് പണ്ഢിതന്മാര്‍ വിവരിച്ചിട്ടുണ്ട്. ഇതേ ആശയം ഇമാം മുസ്ലിം(റ) അബൂഹുറൈറ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു.
റസൂല്‍(സ്വ) പറഞ്ഞു. “നിങ്ങളിലൊരാള്‍ക്ക് അവരുടെ ആമാശയത്തില്‍ എന്തെങ്കിലും അനുഭവപ്പെട്ടു, വല്ലതും പുറപ്പെട്ടുവോ ഇല്ലേ എന്നു സംശയിച്ചു., ശബ്ദം കേള്‍ക്കുകയോ കാറ്റ് അനുഭവിക്കുകയോ ചെയ്യുന്നത് വരെ പള്ളിയില്‍ നിന്ന് തീര്‍ച്ച അവന്‍ പുറപ്പെടേണ്ടതില്ല.” ഇങ്ങനെ സംശയിക്കുന്നവന് സൂക്ഷ്മതക്ക് വേണ്ടി വുളൂഅ് നിര്‍വ്വഹിക്കല്‍ നല്ലതാണെന്ന് ഇമാമുകള്‍ പഠിപ്പിച്ചിട്ടുണ്ട്. വുളൂഅ് നിര്‍വ്വഹിച്ച ശേഷവും ഈ സംശയം നീണ്ടുനില്‍ക്കുന്നതിന് ഒരു പരിഗണനയും നല്‍കേണ്ടതില്ല. ഈ വുളൂഇന് ‘സൂക്ഷ്മതയുടെ വുളൂഅ്’ എന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന പേര്. സൂക്ഷമതക്ക് വേണ്ടി വുളൂഅ് ചെയ്ത ശേഷം, നേരത്തെ നിര്‍വ്വഹിച്ച വുളൂഅ് മുറിഞ്ഞതായി ബോധ്യപ്പെട്ടവന് പുതുക്കിയ വുളൂഅ് മതിയാകില്ലെന്നാണ് പ്രബലമായ വീക്ഷണം. കാരണം അവന്‍ വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ മനസ്സില്‍ കരുതിയ നിയ്യത്തിന് ദൌര്‍ബല്യമുണ്ട്. വൂളൂഅ് ഉണ്ടായിരിക്കേ, ഉണ്ടെന്ന് ബോധ്യമുണ്ടായിരിക്കേ വീണ്ടും വു ളൂഅ് നിര്‍വ്വഹിക്കുന്നത് വളരെ പുണ്യമുള്ളതാണ്. ഇതാണ് ‘പുതുക്കുന്ന വുളൂഅ്’ എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ പറഞ്ഞുവരുന്നത്. നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) വ്യക്തമാക്കുന്നു: ശുദ്ധിയുള്ളതോടൊപ്പം ഒരാള്‍ വുളൂഅ് നിര്‍വ്വഹിച്ചാല്‍ അവന് പത്ത് നന്മകള്‍ രേഖപ്പെടുത്തപ്പെടും (തുര്‍മദി). സ്ഥിരമായി വുളൂഅ് സൂക്ഷിക്കുന്നതിന് വളരെയേറെ മഹത്വമുണ്ട്. പല മഹാന്മാരും ഇങ്ങനെ പതിവാക്കാറുണ്ട്. നബി(സ്വ) പഠിപ്പിക്കുന്നു: നിങ്ങള്‍ (പരമാവധി) നന്നായി ജീവിക്കുക. (എത്ര ശ്രദ്ധിച്ചാലും ജീവിതത്തില്‍ നന്മകളെല്ലാം) പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. നിങ്ങള്‍ മനസ്സിലാക്കുക: നിങ്ങളുടെ ഏറ്റം പുണ്യമായ കര്‍മ്മം നിസ്കാരമാണ്. യഥാര്‍ഥ വിശ്വാസിയല്ലാതെ വുളൂഅ് സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയില്ല (മാലിക്).
നാം എന്നും വുളൂഅ് നിര്‍വ്വഹിക്കേണ്ടവരാണ്. നിര്‍വ്വഹിക്കുന്നവരുമാണ്. സുന്നത്തുകളും അദബുകളും നാം പാലിക്കാറുണ്ടോ? ഇല്ലെങ്കില്‍ നമുക്കതിന് ശ്രമിച്ചുകൂടേ? സാധ്യമാകുന്ന രൂപത്തില്‍ പുറം ശുദ്ധിയാക്കാന്‍ നാം ശ്രമിക്കുക. അപ്രകാരം തന്നെ നമ്മുടെ ഹൃദയവും മാലിന്യ മുക്തമാക്കി സത്യവിശ്വാസിയുടെ മിഅ്റാജായ നിസ്കാരത്തിന് നാം തയാറെടുക്കുക. ഇമാം ഗസ്സാലി(റ) ഉണര്‍ത്തുന്നു:
വുളൂഅ് നിര്‍വ്വഹിച്ചു നിസ്കാരത്തിലേക്ക് മുന്നിട്ടാല്‍ ഇങ്ങനെ ചിന്തിക്കേണ്ടതനിവാര്യമാണ്. ഇപ്പോള്‍ പുറം ശുദ്ധമായി. സൃഷ്ടികളുടെ ദൃശ്യസ്ഥലമാണ് പുറം. ഹൃദയമാകട്ടെ അതാണ് റ ബ്ബിന്റെ ദൃശ്യസ്ഥാനം. ഹൃദയം ശുദ്ധിയാക്കാതെ അല്ലാഹുവിനോട് സംഭാഷണം നടത്തുന്ന തില്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു. തൌബ ചെയ്യുക, ചീത്ത സ്വഭാവങ്ങള്‍ വെടിയുക, സല്‍സ്വഭാവം സ്വീകരിക്കുക ഇങ്ങനെ ഹൃദയം ശുദ്ധി വരുത്തുകയാണ് ഏറ്റം പ്രധാനമെന്ന ബോധമു ണ്ടാകണം. അകം ശുദ്ധിയാക്കാതെ കേവലം പുറം മാത്രം ശുദ്ധിയാക്കുന്നവര്‍ വൃത്തികേടുകള്‍ നിറഞ്ഞ വീട്ടിലേക്ക് രാജാവിനെ ക്ഷണിക്കുകയും ഉള്ളിലെ വൃത്തികേടുകള്‍ നീക്കാതെ പുറം കുമ്മായമിട്ട് മോഡി പിടിപ്പിക്കുകയും ചെയ്ത വിഡ്ഢിയെ പോലെയാണ്. ഈ വിഡ്ഢിയെ പോലെ രാജാവിന്റെ വെറുപ്പിനും വിദ്വേഷത്തിനും വിധേയമാകാന്‍ അര്‍ഹതപ്പെട്ടവനാര്?
Created at 2024-03-18 04:16:39